ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് കുടുംബം.




കണ്ണൂര്‍ മുഴപ്പിലങ്ങാട് നിന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നില്ലെന്ന് കുടുംബം. പരാതിയുമായി എടക്കാട് സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥിയോടും, രക്ഷകര്‍ത്താക്കളോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മനോരമ ന്യൂസ് എക്സ്ക്ലൂസീവ് .

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗസംഘം നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥി പറയുന്നു.

അന്നുതന്നെ പരാതിയുമായി അമ്മാവനൊപ്പം വിദ്യാര്‍ഥി എടക്കാട് സ്റ്റേഷനിലെത്തിയെങ്കിലും എഴുതി തയ്യാറാക്കിയ പരാതി സ്വീകരിക്കാതിരുന്ന പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ഇരുവരേയും മടക്കി അയച്ചു. പൊലീസ് പരുഷമായി പെരുമാറിയെന്നും വിദ്യാര്‍ഥി പറയുന്നു.

ശനിയാഴ്ച സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥിയുടെ അമ്മയില്‍ നിന്ന് പൊലീസ് രേഖമൂലം പരാതി വാങ്ങി. പക്ഷേ അന്വേഷണം എങ്ങുമെത്തിയില്ല. പൊലീസില്‍ നിന്ന് നീതി ലഭിക്കാതെ വന്നതോടെ പരാതിയുമായി ചെല്‍ഡ് ലൈനിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍.