ഇന്ന് അര്‍ധരാത്രി മുതല്‍ ദേശീയപണിമുടക്ക്; കേരളത്തില്‍ ഹര്‍ത്താലായേക്കും.
പൗരത്വനിയമ പ്രക്ഷോഭങ്ങള്‍ക്കിടെ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയപണിമുടക്ക്. മിനിമം കൂലിവര്‍ധന, പൊതുമേഖലാ സ്വകാര്യവല്‍കരണം അവസാനിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നടത്തുന്ന സമരം കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയുണ്ടാക്കും.
അര്‍ധരാത്രി പന്ത്രണ്ടുമുതല്‍ നാളെ അര്‍ധരാത്രി വരെ 24 മണിക്കൂറാണ് ദേശീയ പൊതുപണിമുടക്ക്. ഓട്ടോ, ടാക്സി, മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ പൊതുഗതാഗതം തടസപ്പെടും. സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ് ജീവനക്കാരും പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരും കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരും പണിമുടക്കും. ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര തൊഴിലാളിസംഘടനകള്‍ സംയുക്തമായാണ് ദേശീയപണിമുടക്ക് നടത്തുന്നത്.
കുറഞ്ഞ കൂലി പ്രതിമാസം 21000 രൂപയാക്കുക, പൊതുമേഖലയുടെ സ്വകാര്യവല്‍കരണം അവസാനിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ തൊഴിലാളിവിരുദ്ധമായി ഭേദഗതി ചെയ്യുന്നത് തടയുക, പൊതുവിതരണം ശക്തിപ്പെടുത്തി വിലക്കയറ്റം തടയുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയവയ്ക്കൊപ്പം പൗരത്വനിയമഭേദഗതിക്കെതിരെയും തൊഴിലാളികള്‍ അണിനിരക്കും. പാല്‍, പത്രം, ആശുപത്രികള്‍, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗ്രാമീണബന്ദ് കൂടി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ യാത്രകള്‍ക്ക് കാര്യമായ മുന്നൊരുക്കം വേണ്ടിവരും.


0 Comments