കൗതുകക്കാഴ്ചയായി 'റെറ്റിന- 2020'



പയ്യന്നൂര്‍: ശാസ്ത്രകൗതുകങ്ങളുടെയും വിജ്ഞാനത്തിന്റെയും പുതിയ ജാലകങ്ങള്‍ തുറന്ന് 'റെറ്റിന-2020'. കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു.പി. സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പ്രദര്‍ശനത്തിന് തിരക്കേറുന്നു. കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങരയിലാണ് റെറ്റിന-2020 എന്ന പേരില്‍ പ്രദര്‍ശനം നടത്തുന്നത്.

ഏഴിമല റെയില്‍വേ സ്റ്റേഷനില്‍ലെത്തിനില്‍ക്കുന്ന തീവണ്ടിയുടെ മാതൃകയിലുള്ള പ്രവേശന കവാടമാണ് പ്രദര്‍ശനത്തിന്റെ ആദ്യ ആകര്‍ഷണം. വിവിധ പവലിയനുകളില്‍ ഗണിത-ശാസ്ത്ര-സങ്കേതിക വിജ്ഞാനങ്ങളുടെ പ്രദര്‍ശനമാണൊരുക്കിയത്. കുഞ്ഞിമംഗലത്തിന്റെ സ്ഥലനാമചരിത്രങ്ങളും കഴിഞ്ഞകാല സാംസ്കാരിക തനിമയുടെ വിവരണങ്ങളും പഴയകാല കരകൗശലവസ്തുക്കളും കൗതുകമുണര്‍ത്തുന്നു.

ചക്കരക്കല്ല്‌ സ്വദേശി എ.വി.ബാബുരാജ് ഒരുക്കിയത് സംഗീതോപകരണങ്ങളുടെ വിപുലമായ പ്രദര്‍ശനമാണ്. സന്തൂര്‍, മിഴാവ്, ശാഹിബാജ, ദമരു, സരോദ്, ഉക്കലെ, കൗബല്‍, കലിമ്ബ, ദര്‍ബുക്ക, ചീനിക്കുഴല്‍ തുടങ്ങി 20 ലക്ഷത്തോളം രൂപയുടെ സംഗീതോപകരണങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രദര്‍ശന സ്റ്റാളിലുള്ളത്.

കേരള പോലീസിന്റെ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദര്‍ശനം, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിനെ പറ്റിയുള്ള ബോധവത്കരണം, നാട്ടുനന്മ പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശം, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രദര്‍ശനം, ഫുഡ്‌കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയവയും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്.

പ്രദര്‍ശനം നാളെ സമാപിക്കും

രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കുന്ന പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും. കലാപരിപാടികളുടെ ഭാഗമായി വ്യാഴാഴ്ച രാത്രി ഇശല്‍സന്ധ്യ, വെള്ളിയാഴ്ച രാത്രി നാടകം 'മാര്‍ത്താണ്ഡന്റെ സ്വപ്നങ്ങള്‍' എന്നിവയും നടക്കും.