വിദ്യാലയങ്ങളിലും പെന്‍ ബൂത്ത്; ആദ്യഘട്ടത്തില്‍ 70 സ്ഥാപനങ്ങളില്‍



കല്പറ്റ: ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഹരിതകേരള മിഷന്‍ നടപ്പാക്കുന്ന 'പെന്‍ ബൂത്ത്' ഇനി വിദ്യാലയങ്ങളിലും. ആദ്യഘട്ടത്തില്‍ ജില്ലയിലെ 60 സ്കൂളുകളിലും 10 കോളേജുകളിലുമടക്കം 70 സ്ഥാപനങ്ങളിലാണ് പെന്‍ബൂത്തുകള്‍ സ്ഥാപിക്കുക. സ്ക്രാപ്പ് മര്‍ച്ചന്റ്‌സ് പ്രാദേശികഘടകത്തിന്റെ സഹായത്തോടെ നല്‍കുന്ന ബോക്സില്‍ അതത് സ്കൂളുകളുടെ നേതൃത്വത്തില്‍ ഉപയോഗശൂന്യമായ പേന ശേഖരിക്കുകയും ബോക്സ് നിറയുന്നമുറയ്ക്ക് പുനഃചംക്രമണത്തിന് കൈമാറുകയും ചെയ്യും. പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറച്ച്‌ മഷിപ്പേനയിലേക്ക് മാറാനും ലക്ഷ്യമിടുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, കേരള സ്ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി. 'അരുത് വലിച്ചെറിയരുത്, കത്തിക്കരുത്' എന്ന സന്ദേശവുമായി ശാസ്ത്രീയ മാലിന്യസംസ്കരണ കാമ്ബയിനും ഇതോടൊപ്പമുണ്ടാവും.

എസ്.കെ.എം.ജെ. സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ. ദേവകി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കല്പറ്റ നഗരസഭാധ്യക്ഷ സനിത ജഗദീഷ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എന്‍.കെ. രാജന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എ.കെ. രാജേഷ്, കൗണ്‍സിലര്‍ അജി ബഷീര്‍, കേരള സ്ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.സി. ബാവ, എസ്.കെ.എം.ജെ. സ്കൂള്‍ പ്രധാനാധ്യാപകന്‍ എം.കെ. അനില്‍ കുമാര്‍, പി.ടി.എ. പ്രസിഡന്റ് പി.സി. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.