തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ 'ചീറ്റ'കളെത്തും; ചീറ്റ പട്രോള്‍ ജീപ്പുകളും ബൈക്കുകളും ഫ്ലാഗ് ഓഫ് ചെയ്തു



തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പോലീസ് ആവിഷ്ക്കരിച്ച 'ചീറ്റ' പട്രോള്‍ സംവിധാനത്തിന് തുടക്കമായി. തമ്ബാനൂര്‍ പോലീസ് സ്റ്റേഷനു മുന്‍പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. 10 ചീറ്റ പട്രോള്‍ ജീപ്പുകളും 30 ബൈക്ക് പട്രോള്‍ സംഘങ്ങളുമാണ് സേവനനിരതരാകുന്നത്.

നഗരത്തില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ചീറ്റ പട്രോള്‍ സംഘത്തിന് രൂപം നല്‍കിയത്. സിറ്റിയിലെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നവംബര്‍ 24 ന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ചീറ്റ പട്രോള്‍ സംഘം രൂപീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ചത്.
ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക, അപകടങ്ങള്‍ കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, റോഡിലെ കുഴികളും റോഡിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങളും വൈദ്യുത തൂണുകളുമൊക്കെ കണ്ടെത്തി മേല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുക എന്നിവ ചീറ്റ പട്രോള്‍ സംഘത്തിന്റെ ചുമതലയാണ്.