പിഎം കിസാന്‍ പദ്ധതി ; ആറ് കോടി കര്‍ഷകര്‍ക്ക് 12,000 കോടി ; മൂന്നാം ഗഡു വിതരണം ഇന്ന്



ഡല്‍ഹി : കര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ പ്രധാനമന്ത്രി നടപ്പിലാക്കിയ പിഎം കിസാന്‍ പദ്ധതി (പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി) പ്രകാരം ആറ് കോടി കര്‍ഷകര്‍ക്ക് 12,000 കോടി ഇന്ന് വിതരണം ചെയ്യും. ഇ ട്രാന്‍സ്ഫര്‍ വഴിയാണ് കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്. കര്‍ണാടക തുംകൂരിലാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത് . 2019 ഫെബ്രുവരി 24നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ എന്നിവര്‍ പങ്കെടുക്കും. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കും .വിളവെടുപ്പുത്സവമായ മകര സംക്രാന്തിക്ക് മുന്നോടിയായാണ് പദ്ധതിയുടെ ഗഡു നല്‍കാന്‍ തീരുമാനിച്ചത് .കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 2000 രൂപയാണ് പിഎം കിസാന്‍ പദ്ധതി വഴി നല്‍കുന്നത്. 2019 ഫെബ്രുവരി 24നാണ് ആദ്യ ഗഡു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ രണ്ട്, മൂന്ന് ഗഡുക്കള്‍ ജൂലായിലുo നവംബറിലും നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ രാജ്യത്ത് പൊടുന്നനെയുണ്ടായ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാരിന് വാഗ്ദാനം പാലിക്കാനായില്ല .

ഭൂമിയുടെ വിസ്‌തൃതി കണക്കിലെടുക്കാതെ രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തിയതോടെ എല്ലാ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 6000 രൂപ മൂന്ന് ഗഡുക്കളായ നല്‍കും. നേരത്തെ അഞ്ച് ഏക്കര്‍ ഭൂമിവരെയുള്ള കര്‍ഷകര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത് . തുടര്‍ന്ന് രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ എല്ലാ കര്‍ഷകര്‍ക്കും ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിച്ചു. അതെ സമയം , ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

കേരളം, ഒഡീഷ, പഞ്ചാബ്, ഹരിയാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഢ്, തുടങ്ങിയ സംസ്ഥാനങ്ങളാണ് ആനുകൂല്യ വിതരണത്തില്‍ മുന്നിട്ട് നിന്നത് .എന്നാല്‍ ബംഗാളില്‍ അര്‍ഹരായ ഏകദേശം 72 ലക്ഷം കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചില്ലെന്ന് കേന്ദ്രം വെളിപ്പെടുത്തുന്നു