അവസാന അന്തേവാസിയെ തേടി ഹോളിഫെയ്ത്തില്‍ വണ്‍നെസ്  പ്രവര്‍ത്തകരെത്തി




കൊച്ചി: ഹോളിഫെയ്ത്ത് ഫ്ലാറ്റിന് സമീപത്തുനിന്ന് എല്ലാവരും ഒഴിഞ്ഞുപോയിട്ടും പോകാതെ ഒരുനായയുണ്ടായിരുന്നു. വെടിമരുന്നിന്റെ മടുപ്പിക്കുന്ന മണം കാരണമാണോ എന്നറിയില്ല അവന്റെമുഖത്ത് വല്ലാത്തൊരു ദൈന്യതയുണ്ടായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഫ്ലാറ്റില്‍ അനധികൃതമായിട്ടാണ് തന്റെ കിടപ്പെന്ന് ആ പാവം തെരുവുനായയ്ക്ക് അറിയില്ലായിരുന്നു. സ്‌ഫോടനം നടക്കുമ്ബോള്‍ അതിനെ എങ്ങനെ നീക്കുമെന്ന ആശങ്ക കെട്ടിടത്തിന് കാവലായി നിയോഗിച്ചിരുന്ന പോലീസുകാര്‍ക്കും ഉണ്ടായിരുന്നു. ആ ആശങ്ക നീക്കിയാണ് അവനെ ഏറ്റെടുക്കാന്‍ മൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന വണ്‍നസ് പ്രവര്‍ത്തകരെത്തിയത്.

ഫ്ലാറ്റിനുള്ളില്‍ ചുറ്റിക്കറങ്ങിയ തെരുവുനായയെ വണ്‍നെസ് പ്രവര്‍ത്തകര്‍ ഗേറ്റിനു വെളിയില്‍നിന്ന് വിളിച്ചെങ്കിലും ആദ്യം അവന്‍ ഗൗനിച്ചില്ല. പിന്നെ കാവല്‍ക്കാരായ പോലീസിന്റെ അനുമതിയോടെ അവര്‍ അകത്തുകടന്ന് ബിസ്‌കറ്റ് നീട്ടിയപ്പോള്‍ അവന്‍ അനുസരണയോടെ അടുത്തേക്കുവന്നു. ബിസ്‌കറ്റ് നല്‍കിയ കൃഷ്ണപ്രിയ തലോടിയപ്പോള്‍ അവന്‍ സ്‌നേഹത്തോടെ അടുത്തുനിന്നു. പിന്നെ അവനെയും എടുത്ത് കൃഷ്ണപ്രിയ ഗേറ്റിനു പുറത്തേക്ക് വന്നു. എതിര്‍പ്പൊന്നുമില്ലാതെനിന്ന നായയ്ക്ക് അവര്‍ 'അപ്പു' എന്നപേരും ഇട്ടു.

രണ്ടുദിവസം സംരക്ഷിച്ച്‌ സ്‌ഫോടനത്തിന്റെ പൊടിപടലങ്ങള്‍ അടങ്ങിയശേഷം 'അപ്പു'വിനെ ഇവിടെത്തന്നെ തിരികെ എത്തിക്കും. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വണ്‍നസ് പ്രവര്‍ത്തകയാണ് കൃഷ്ണപ്രിയ. കൃഷ്ണപ്രിയയ്ക്കൊപ്പം വണ്‍നസ് പ്രവര്‍ത്തകരായ അഡ്വ. ശ്രുതി ഭട്ട്, പ്രസീത, ഷിബിന്‍ മാത്യു എന്നിവരും ഉണ്ടായിരുന്നു.

സ്‌ഫോടനം നടക്കുന്ന പ്രദേശങ്ങളില്‍നിന്ന് മൃഗങ്ങളെ സുരക്ഷിതായി നീക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതറിഞ്ഞാണ് ഇവര്‍ എത്തിയത്.

33-ാം വാര്‍ഡില്‍ ആറ് ആടുകള്‍ക്കും കുറച്ച്‌ താറാവുകള്‍ക്കും ഇവര്‍ താത്കാലികമായി പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കി.