ജയരാജനെതിരേ വധഭീഷണി മുഴക്കിയ ബി.ജെ.പി. പ്രവര്‍ത്തകന്‍ മാപ്പുപറഞ്ഞു
മഞ്ചേരി: സി.പി.എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനെതിരേ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ മജിസ്ട്രേറ്റ് കോടതിയില്‍ മാപ്പുപറഞ്ഞു. എടവണ്ണ സ്വദേശി പറങ്ങോടന്‍ (അപ്പു-55) ആണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍വെച്ച് പി. ജയരാജനോട് മാപ്പപേക്ഷിച്ചത്.
വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ച മജിസ്ട്രേറ്റ് കോടതിനടപടികള്‍ ആരംഭിച്ചയുടനെ അപ്പു നിരുപാധികം മാപ്പുപറയുന്നുവെന്ന് അറിയിച്ചു. തെറ്റുപറ്റിപ്പോയതാണെന്നും പൊറുക്കണമെന്നും ഇനിമേലില്‍ ആവര്‍ത്തിക്കില്ലെന്നും പി. ജയരാജന്റെ കൈപിടിച്ച് പ്രതി മാപ്പുപറഞ്ഞു. തെറ്റ് മനസ്സിലാക്കി ആത്മാര്‍ഥമായി മാപ്പുചോദിച്ച സാഹചര്യത്തില്‍ കോടതിനടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി. ജയരജാന്‍ കോടതിയെ അറിയിച്ചു. കേസില്‍ സാക്ഷിപറയാനായി രാവിലെയാണ് പി. ജയരാജന്‍ എത്തിയത്.
2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്ത് ആര്‍.എസ്.എസ്. അക്രമങ്ങള്‍ക്കെതിരേ സി.പി.എം. പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനം നോക്കിക്കാണുന്ന പടം പി. ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിന്നു. ഇതിനുതാഴെയാണ് പ്രതി വധഭീഷണി മുഴക്കി കമന്റിട്ടത്. 'നിന്റെ പടവും ഒരുനാള്‍ അഴീക്കോടന്‍ ഓഫീസില്‍ തൂങ്ങും' എന്നായിരുന്നു കമന്റ്. ഇതിനെതിരേ പി. ജയരാജന്‍ ഡി.ജി.പിക്ക് പരാതിനല്‍കി. ഇതിന് ഏതാനും ദിവസങ്ങള്‍മുന്‍പ് തപാലിലും ജയരാജന് വധഭീഷണിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ എടവണ്ണ പോലീസിനോട് കേസ് രജിസ്റ്റര്‍ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.


0 Comments