ഇന്ത്യക്കാര്‍ നിഷ്കളങ്കരാണ്; അവര്‍ എന്ത് പറഞ്ഞാലും വിശ്വസിക്കും'; സര്‍ക്കാരിനെ പരിഹസിച്ച്‌ പി. ചിദംബരം




ദില്ലി: ഇന്ത്യക്കാര്‍ നിഷ്കളങ്കരാണെന്നും അവര്‍ ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുമെന്നും മുന്‍കേന്ദ്രമന്ത്രിയും കോണ്‍​ഗ്രസ് നേതാവുമായ പി. ചിദംബരം. സര്‍ക്കാര്‍ വാ​ഗ്ദാനം ചെയ്യുന്ന പദ്ധതികളെ വിശ്വസിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ നിഷ്കളങ്കരാണ് എന്നായിരുന്നു പി ചിദംബരത്തിന്റെ പരിഹാസം. വേറൊരിടത്തും ഇത്തരം ആളുകളെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി. ചിദംബരം. രണ്ട് അച്ചടിമാധ്യമങ്ങളുടെ പേര് പരാമര്‍ശിച്ചതിന് ശേഷം, ഈ മാധ്യമങ്ങളില്‍ എന്ത് വാര്‍ത്ത വന്നാലും ഇന്ത്യക്കാര്‍ കണ്ണടച്ചു വിശ്വസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ​ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്നും തൊണ്ണൂറ്റൊന്‍പത് ശതമാനം കുടുംബങ്ങളിലും ടോയ്ലറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നുമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനം വിശ്വസിച്ചതാണ് ഇന്ത്യക്കാരുടെ നിഷ്കളങ്കതയുടെ തെളിവുകള്‍ എന്ന് അദ്ദേഹം പറഞ്ഞു. ഇതേ അവസ്ഥ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോ​ഗ്യ രക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് സ്കീമിന്റേതും. തന്റെ ‍ഡ്രൈവറുടെ അച്ഛന്റെ സര്‍ജറിക്ക് ഈ കാര്‍ഡ് ഉപയോ​ഗിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

''ആയുഷ്മാന്‍ കാര്‍ഡ് ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം എന്നെ ഒരു കാര്‍ഡ് കാണിച്ചു. അതെടുക്കാനും ഹോസ്പിറ്റലില്‍ കാര്‍ഡ് കാണിച്ചാല്‍ മതിയെന്നും ഞാന്‍ ഡ്രൈവറോട് പറഞ്ഞു. എന്നാല്‍ ഹോസ്പിറ്റലില്‍ ഈ പദ്ധതിയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ അങ്ങനെയൊരു വിഷയത്തെക്കുറിച്ച്‌ അവര്‍ക്കറിയില്ല എന്നായിരുന്നു മറുപടി ലഭിച്ചത്. ഒന്നിലധികം ഹോസ്പിറ്റലുകളില്‍ ഇതായിരുന്നു അനുഭവം. എന്നാല്‍ ആയുഷ്മാന്‍ കാര്‍ഡ് പദ്ധതി ഇന്ത്യയില്‍ എല്ലായിടത്തും നടപ്പിലായെന്നാണ് ഇന്ത്യക്കാര്‍ എല്ലാവരും വിശ്വസിക്കുന്നത്.'' പി ചിദംബരം പറ‍‍ഞ്ഞു