'ആ സീനിന് ശേഷം ഫിലോമിന ചേച്ചി കുഴഞ്ഞു വീണു, അവശതകള്‍ മറന്നായിരുന്നു അഭിനയം'
ചിലരുടെ വിധി അങ്ങനെയാണ്, ജീവിച്ചിരിക്കുമ്പോഴല്ല, മരണത്തിന് ശേഷമാണ് അവർ ആഘോഷിക്കപ്പെടുന്നത്. ബാറ്റ്മാൻ സീരിസ് ഡാർക്ക് നൈറ്റിലെ ജോക്കറെന്ന ക്രൂരനായ വില്ലനായി പ്രേക്ഷകർക്ക് മുൻപിലെത്തിയ ഹീത്ത് ലെഡ്ജർ, ഫാസ്റ്റ് ആന്റ് ഫ്യൂരിയസിലെ പോൾ വാക്കർ, വശ്യസൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന മർലിൻ മൺറോ, മാദകനടിയെന്ന പട്ടം പ്രേക്ഷകർ ചാർത്തിക്കൊടുത്ത സിൽക്ക് സ്മിത... ഇവരെല്ലാം അതിനുദാഹരണങ്ങളാണ്. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായിരുന്നു ഫിലോമിനയും ഈ കൂട്ടത്തിൽപ്പെടും. സാമൂഹിക മാധ്യമങ്ങൾ അരങ്ങു വാഴുന്ന ഈ കാലത്ത് മരണത്തിന് ശേഷവും ഫിലോമിന ആഘോഷിക്കപ്പെടുകയാണ്.
കലഹിക്കുന്ന, തെറി വിളിക്കുന്ന, പോരിന് വിളിക്കുന്ന, സംസ്കാരമില്ലാത്ത സ്ത്രീ എന്ന് വിളിച്ച് കളിയാക്കുന്നവരോട് തന്റേടത്തോടെ പ്രതികരിക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ ഫിലോമിന പൊളിച്ചെഴുതി. ഫിലോമിനയെക്കൂടാതെ കെ.പി.എ.സി ലളിത, സുകുമാരി അങ്ങനെ വിരലിലെണ്ണാവുന്ന നടിമാർക്ക് മാത്രമേ സിനിമയിൽ ഇതിന് സാധിച്ചിട്ടുള്ളൂ.
ഫിലോമിനയുടെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഗോഡ് ഫാദറിലെ ആനപ്പാറ അച്ചാമ്മ. അഞ്ഞൂറാനോടുള്ള പക വർഷങ്ങളായി മനസ്സിൽ സൂക്ഷിക്കുന്ന ആനപ്പാറ അച്ചാമ്മ. മലയാളത്തിൽ അന്നുവരെയുള്ള പുരുഷ വില്ലന്മാരെ കുറിക്കു കൊള്ളുന്ന ഡയലോഗുകളും പകരംവയ്ക്കാനാവാത്ത ഇളകിയാട്ടം കൊണ്ടും നിഷ്പ്രഭമാക്കിയ പ്രകടനം. പ്രതികാരബുദ്ധിയുള്ള ആ കഥാപാത്രം ആനയെക്കൊണ്ട് പനിനീർ തളിപ്പിക്കുമ്പോൾ പൊട്ടിച്ചിരിച്ച് ഇളകി മറിഞ്ഞുപോയി തിയ്യറ്ററുകൾ.
സിദ്ദീഖ്-ലാൽ കൂട്ടുക്കെട്ടിൽ 1991-ൽ പുറത്തിറങ്ങിയ ഗോഡ് ഫാദർ മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ഫിലോമിനയും എൻ.എൻ പിള്ളയും മത്സരിച്ചഭിനയിച്ച ഈ ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഫിലോമിന വിടപറഞ്ഞ് 14 വർഷങ്ങൾ തികയുമ്പോൾ ഓർമകൾ പങ്കുവയ്ക്കുകയാണ് സംവിധായകരിലൊരാളായ സിദ്ദീഖ്.


0 Comments