പ്രതിപക്ഷനേതാവിന്റെ പുതുവര്‍ഷയാത്ര ഹാപ്പി ന്യൂ ഇയര്‍@ ഇടമലക്കുടി




ഇടമലക്കുടി (ഇടുക്കി): പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കഴിഞ്ഞ എട്ടു വര്‍ഷമായി ജനുവരി ഒന്നാം തിയതി മറ്റൊന്നിനും മാറ്റിവയ്‌ക്കില്ല. പുതുവത്സര ദിനം ആദിവാസികള്‍ക്കൊപ്പം ആഘോഷിച്ച്‌, അവരുടെ ആവലാതികള്‍ കേട്ടറിഞ്ഞ്‌ വേറിട്ട അനുഭവമാക്കുകയാണു പതിവ്‌. ഇത്തവണയും തിരക്കുകള്‍ക്ക്‌ അവധി നല്‍കി പ്രതിപക്ഷനേതാവ്‌ എത്തിയത്‌ രാജ്യത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍. പട്ടികജാതി വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കെ.പി.സി.സി. പ്രസിഡന്റായിരിക്കെ രൂപീകരിച്ച ഗാന്ധിഗ്രാം പദ്ധതിയാണ്‌ കഴിഞ്ഞ ചെന്നിത്തലയുടെ പുതുവത്സരദിനം വേറിട്ടതാക്കിയത്‌. വിവിധ ആദിവാസി മേഖലകളില്‍ പുതുവര്‍ഷം ആഘോഷിച്ചിട്ടുണ്ടെങ്കിലും ഇത്തവണ വേറിട്ട അനുഭവമായിരുന്നെന്നു ചെന്നിത്തല പറഞ്ഞു. ദുര്‍ഘടമായ വനപാതയിലൂടെ മണിക്കൂറുകള്‍ യാത്ര ചെയ്‌ത്‌ ഇടമലക്കുടിയിലെത്തിയ ചെന്നിത്തലയ്‌ക്ക്‌ ഊഷ്‌മളമായ സ്വീകരണമാണ്‌ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ഗിരിവര്‍ഗക്കാര്‍ നല്‍കിയത്‌. രാവിലെ 8.10ന്‌ മൂന്നാര്‍ ഗവ. ഗസ്‌റ്റ്‌ ഹൗസില്‍നിന്ന്‌ ഡീന്‍ കുര്യാക്കോസ്‌ എം.പിയടക്കമുള്ള ജനപ്രതിനിധികള്‍ക്കും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുമൊപ്പമാണ്‌ ചെന്നിത്തല യാത്ര തിരിച്ചത്‌. മൂന്നാറില്‍ നിന്ന്‌ 24 കിലോമീറ്റര്‍ അകലെയുള്ള പെട്ടിമുടി വരെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര. ഒമ്ബത്‌ മണിയോടെ ഇവിടെ നിന്ന്‌ തീര്‍ത്തും സഞ്ചാരയോഗ്യമല്ലാത്ത കാനനപാതയിലൂടെ ഓഫ്‌ റോഡ്‌ ജീപ്പിലായിരുന്നു കുടിയിലേക്കുള്ള യാത്ര. മൂന്ന്‌ മണിക്കൂര്‍ നീണ്ട സാഹസിക യാത്രയ്‌ക്കൊടുവില്‍ 12 മണിയോടെ ഇടമലക്കുടി പഞ്ചായത്തിലെ ആദ്യത്തെ കുടികളിലൊന്നായ ഇഡലിപ്പാറയിലെത്തി. പ്രതിപക്ഷ നേതാവിനെ ഊരുനിവാസികള്‍ പരമ്ബരാഗത രീതിയില്‍ സ്വീകരിച്ചു.
സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ പരാതികളും നിവേദനങ്ങളും ഏറ്റുവാങ്ങി അടുത്ത കുടിയായ സൊസൈറ്റികുടിയിലെത്തി. ഇവിടെയും നിരവധിപ്പേര്‍ സ്വീകരിക്കാനും നിവേദനം നല്‍കാനും കാത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങളായുള്ള ഇടമലക്കുടി നിവാസികളുടെ പ്രധാന ആവശ്യങ്ങളായ സഞ്ചാരയോഗ്യമായ റോഡ്‌, ശുദ്ധജലം തുടങ്ങിയവയായിരുന്നു പരാതികളിലേറെയും.
എല്ലാ പരിഭവങ്ങളും ആവശ്യങ്ങളും അനുഭാവപൂര്‍വം കേട്ട ചെന്നിത്തല എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ്‌ നല്‍കി. തുടര്‍ന്ന്‌ ആദിവാസികള്‍ക്കൊപ്പം അവര്‍ തയാറാക്കിയ ഉച്ചഭക്ഷണവും കഴിച്ച്‌ മൂന്നരയോടെയാണ്‌ മടങ്ങിയത്‌.