പൗരത്വ നിയമം: എന്‍.എസ്‌.എസ്‌. നിലപാടില്‍ മാറ്റമില്ലെന്നു ജി. സുകുമാരന്‍ നായര്‍



ചങ്ങനാശേരി : പൗരത്വ നിയമ വിഷയത്തില്‍ അഭിപ്രായം പരസ്യമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും നൂറു വര്‍ഷം മുമ്ബ്‌ എന്‍.എസ്‌.എസിന്‌ ആരംഭം കുറിക്കുമ്ബോള്‍ മന്നത്ത്‌ പത്മനാഭന്‍ സ്വീകരിച്ച പ്രതിജ്‌ഞയില്‍നിന്ന്‌ അണുവിട മാറാന്‍ തയാറെല്ലന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയില്‍ 143-ാമത്‌ മന്നം ജയന്തിയാഘോഷങ്ങളുടെ ഭാഗമായി നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവും മതേതരത്വവും സാമൂഹിക നീതിയും രാജ്യത്ത്‌ എന്നും പുലര്‍ന്നു കാണാനാണ്‌ എന്‍.എസ്‌.എസ്‌. ആഗ്രഹിക്കുന്നത്‌. സ്വന്തം സമുദായ പ്രവര്‍ത്തനം നടത്തുമ്ബോള്‍ അന്യ മതങ്ങള്‍ക്കു ക്ഷോഭകരമായി പ്രവര്‍ത്തിക്കരുതെന്ന മന്ത്രം സ്വാതന്ത്ര്യലബ്‌ധിക്കും ഭരണഘടനയ്‌ക്കും മുമ്ബ്‌ സംഘടന ചൊല്ലിത്തുടങ്ങിയതാണ്‌. എല്ലാ വര്‍ഷവും അതാവര്‍ത്തിച്ചു ചൊല്ലുന്ന സംഘടനയക്ക്‌ ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തേണ്ട കാര്യമില്ല. സര്‍വകക്ഷി യോഗത്തിലേക്കു മുഖ്യമന്ത്രി എന്‍. എസ്‌.എസിനെ ക്ഷണിച്ചപ്പോള്‍ പങ്കെടുക്കുന്നില്ലെന്നാണറിയിച്ചത്‌. സൗകര്യപൂര്‍വം നയം തിരുത്തുന്നവര്‍ക്കൊപ്പം തല്‍ക്കാലം ചേരുന്നില്ലെന്നാണ്‌ അറിയിച്ചത്‌. മന്നത്ത്‌ പത്മനാഭന്റെ എന്‍.എസ്‌എസ്‌. സുവര്‍ണ ജൂബിലി സമ്മേളന സന്ദേശം ചരിത്ര രേഖയാണ്‌. സകല സമുദായവും സ്‌നേഹിച്ചും സഹകരിച്ചും സഹായിച്ചും കഴിയുന്ന നാടാണ്‌ എന്റെ സ്വപ്‌നം എന്നാണ്‌ അദ്ദേഹം പ്രഖ്യാപിച്ചത്‌. അതിനുവേണ്ടിയാണ്‌ എന്‍.എസ്‌.എസ്‌. നിലകൊള്ളുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍.എസ്‌.എസ്‌. പ്രസിഡന്റ്‌ അഡ്വ പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ശബരിമല ഭരണ നിര്‍വഹണത്തില്‍ നിലവിലുള്ള സംവിധാനം മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണം, ശബരിമല നിയമനത്തില്‍ 10 ശതമാനം സാമ്ബത്തിക സംവരണത്തില്‍ വ്യക്‌തത വരുത്തണം, മന്നത്ത്‌ പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിള്‍ ഇന്‍സ്‌ട്രമെന്റ്‌ ആക്‌ട്‌ പ്രകാരം പൊതുഅവധിയായി പ്രഖ്യാപിക്കണം എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിനു മുമ്ബ്‌ എന്‍.എസ്‌.എസ്‌. നേതാക്കളും പ്രതിനിധികളും മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തി. ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ പി.എന്‍. സുരേഷ്‌, ഹരികുമാര്‍ കോയിക്കല്‍, എന്‍.വി. അയ്യപ്പന്‍ പിള്ള, എം.എം. ഗോവിന്ദന്‍ കുട്ടി, എം.എസ്‌. മോഹന്‍, ചിതറ എസ്‌. രാധാകൃഷ്‌ണന്‍, പന്തളം ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.