ഗുരുവായൂര്‍ ദേവസ്വത്തിന്‌ ടെലിവിഷന്‍ ചാനല്‍ , ആദ്യഘട്ടമായി യുട്യൂബ്‌ ചാനല്‍ ഉടന്‍





തൃശൂര്‍ : തിരുപ്പതി മാതൃകയില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ സ്വന്തമായി ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു. ഇതിനു മുന്നോടിയായുള്ള യൂ ട്യൂബ്‌ ചാനല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രവും ആചാരക്രമങ്ങളും ദൈനംദിന പൂജാ വിധികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്‌തര്‍ക്കു പരിചയപ്പെടുത്തുകയാണു ലക്ഷ്യം.
ഗുരുവായൂരപ്പ വിഗ്രഹത്തിന്റെ മാതൃക മറ്റൊരിടത്തു സ്‌ഥാപിച്ചു ശ്രീകോവില്‍ പുനഃസൃഷ്‌ടിച്ച്‌ പൂജകളും ആചാരപദ്ധതികളും പകര്‍ത്തി ചാനല്‍ വഴി സംപ്രേഷണം ചെയ്ുയം. ശ്രീകോവിലില്‍ പൂജകള്‍ നടക്കുമ്ബോള്‍ തന്നെയാകും ഇവിടേയും പൂജയും സംപ്രേഷണവും. ഇതുവഴി ക്ഷേത്രത്തിനകത്തെ ആചാരക്രമങ്ങള്‍ മറ്റു സംസ്‌ഥാനങ്ങളിലുള്ള ഭക്‌തരെ ബോധ്യപ്പെടുത്താനാകും. യൂട്യൂബ്‌ ചാനലിന്റെ സ്വീകാര്യത പരിശോധിച്ച ശേഷമാകും മുഴുവന്‍ സമയ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെല്ലാം ഗുരുവായൂരപ്പ ഭക്‌തരുണ്ടെങ്കിലും ഏകോപന സംവിധാനങ്ങളില്ല. ക്ഷേത്രത്തിലെ തിക്കും തിരക്കുംമൂലം പ്രധാന ദിവസങ്ങളില്‍ സുരക്ഷാ വിഭാഗത്തിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നുണ്ട്‌.
ദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ക്കു ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചും പൂജാ സമയത്തെക്കുറിച്ചും ധാരണയുണ്ടെങ്കില്‍ ഇതൊഴിവാക്കാന്‍ സാധിക്കുമെന്നും യൂട്യൂബ്‌- മുഴുവന്‍ സമയ ചാനല്‍ സംപ്രേഷണങ്ങളിലൂടെ ഇതാണ്‌ ലക്ഷ്യമിടുന്നതെന്നും ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ്‌ പറഞ്ഞു. നിര്‍മാല്യം, വാകച്ചാര്‍ത്ത്‌, ശംഖാഭിഷേകം, കളഭാഭിഷേകം തുടങ്ങിയ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രത്യേക പൂജാ വിധികളാകും കൂടുതലായി പരിചയപ്പെടുത്തുക. തിരുപ്പതി മാതൃകയില്‍തന്നെ വാഹന പാര്‍ക്കിങ്‌ സംവിധാനവും ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തും.
ക്ഷേത്രത്തില്‍നിന്ന്‌ ഏറെ മാറി ദേവസ്വം നിയന്ത്രണത്തിലുള്ള തിരുത്തികാട്ട്‌ പറമ്ബില്‍ 13 ഏക്കറില്‍ പാര്‍ക്കിങ്‌ സംവിധാനം ഏര്‍പ്പെടുത്തിയശേഷം ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ദേവസ്വത്തിന്റെ ഷട്ടില്‍ സര്‍വീസ്‌ മാത്രം ഏര്‍പ്പെടുത്തുന്ന രീതിയില്‍ ക്രമീകരിക്കാനാണു പദ്ധതി. വിശേഷ ദിവസങ്ങളില്‍ ക്ഷേത്രത്തിലേക്കുള്ള റോഡുകളിലെ ഗതാഗത തടസവും തിരക്കും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണു കണക്കുകൂട്ടല്‍. പ്രസാദം പദ്ധതിയുടെ ഭാഗമായുള്ള മള്‍ട്ടിപ്ലക്‌സ്‌ പാര്‍ക്കിങ്‌ സംവിധാനം അടുത്ത മാസത്തോടെ ഉദ്‌ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകേണ്ട പദ്ധതി വിവിധ കാരണങ്ങളാല്‍ നീളുകയായിരുന്നു.