സസ്പെൻഷനിലായ എസ്ഐയ്ക്ക് സ്ഥാനക്കയറ്റം; കേസ് അട്ടിമറിക്കാനെന്ന് ആരോപണം; വിവാദം.




ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കൽ പ്രതിയായ പീഡനക്കേസിൽ അനാവശ്യ ഇടപെടൽ ‍നടത്തിയതിന് സസ്പെൻഷനിലായ എസ്ഐക്ക് സ്ഥാനക്കയറ്റം നല്‍കി നിയമനം. കുറവിലങ്ങാട് എസ്ഐ ആയിരുന്ന ഷിന്‍റോ പി. കുര്യനെയാണ് മരങ്ങാട്ടുപള്ളി എസ്എച്ച്ഒയായി നിയമിച്ചത്. പരാതിക്കാരായ കന്യാസ്ത്രീകള്‍ താമസിക്കുന്ന നാടുകുന്ന് മഠത്തിന് സമീപത്തെ സ്റ്റേഷനിലാണ് നിയമനമെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

ജലന്തര്‍ ബിഷപിനെതിരായ പീഡനക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആരോപണം നേരിട്ട പൊലീസ് ഉദ്യോഗസ്ഥനെ ഇരയായ കന്യാസ്ത്രീ ഉള്‍പ്പെടെ താമസിക്കുന്ന മഠത്തിന് സമീപത്തെ സ്റ്റേഷനിൽ നിയമിച്ചത്. കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് ബിഷപ്പിനെതിരെ കേസ് റജിസ്റ്റർ ചെയ്ത സമയത്ത് കുറവിലങ്ങാട് എസ്ഐ ആയിരുന്നു ഷിന്റോ പി. കുര്യന്‍. ഇതിന് തൊട്ടുമുന്‍പ് ബിഷപ് അനുകൂലികള്‍ നല്‍കിയ പരാതിയില്‍ ഇരയായ കന്യാസ്ത്രീക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് ആദ്യം കേസെടുത്തത്.

പരാതികള്‍ വരുന്നതിന് മുന്‍പ് ഷിന്‍റോ അവധിയിലും പ്രവേശിച്ചു. ഒന്നര മാസത്തിനു ശേഷമാണ് തിരികെ എത്തിയത്. ഈ സമയമാണ് കുര്യനാട് സെന്‍റ് ആന്‍സ് ആശ്രമം പ്രിയോര്‍ ഫാ. ജയിംസ് ഏർത്തയിൽ സാക്ഷികളില്‍ ഒരാളായ കന്യാസ്ത്രീയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസില്‍ നിന്ന് പിന്‍മാറാന്‍ ഭൂമിയും പണവും എര്‍ത്തയില്‍ വാഗ്ദാനം ചെയ്തു. വൈക്കം ഡിവൈഎസ്പി ഇത് സംബന്ധിച്ച അന്വേഷണം നടത്തവെ ഷിന്‍റോയുടെ ഔദ്യോഗിക വാഹനം എര്‍ത്തയിലിന്‍റെ കുര്യനാട്ട് ആശ്രമത്തില്‍ കണ്ടെത്തി. സ്പെഷൽ ബ്രാഞ്ച് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷിന്‍റോയെ സസ്പെന്‍ഡ് ചെയ്തത്. കേസ് സുപ്രധാന വഴിത്തിരിവിൽ എത്തി നിൽക്കുന്ന സമയത്താണ് ഷിന്‍റോ സ്ഥാനക്കയറ്റത്തോടെ തിരികെയെത്തിയത്.