കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കനിവ് 108 ആമ്പുലൻസ് അനുവദിച്ചു



കൊട്ടിയൂർ:രോഗികൾക്ക് അടിയന്തര ചികിത്സ ലഭിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുറത്തിറക്കിയ കനിവ് 108 ആംബുലൻസ് കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ചു. ആംബുലൻസ് സർവീസ് വെള്ളിയാഴ്ച രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും.

ആസ്പത്രിയിൽ നിന്ന് 12 കിലോമീറ്റർ ചുറ്റളവിൽ സേവനം ലഭിക്കും.എന്നാൽ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് ഇതിൽ മാറ്റം ഉണ്ടാകും. 108 ൽ വിളിക്കുമ്പോൾ മൂന്ന് മിനിട്ടിനുള്ളിൽ ആംബുലൻസ് പുറപ്പെടും. സമയ നഷ്ടം ഒഴിവാക്കി രോഗിയെ ആശുപത്രിയിൽ എത്തിച്ച് തിരികെ കോൾ സെന്ററിൽ വിവരം അറിയിക്കണം.തുടർ ചികിത്സ ആവശ്യമുള്ള സാഹചര്യത്തിൽ കോൾ സെന്ററിൽ നിന്നുള്ള നിർദേശം അനുസരിച്ചാകും ആംബുലൻസ് പ്രവർത്തനം ക്രോഡീകരിക്കുന്നത്. അണുബാധയുണ്ടാകാൻ കാരണമാകുന്നതിനാൽ മൃതദേഹം ഈ ആംബുലൻസിൽ കയറ്റില്ല. നഗരപ്രദേശങ്ങളിൽ അപകടവിവരം അറിഞ്ഞ് 15 മിനിറ്റിനകവും ഗ്രാമപ്രദേശങ്ങളിൽ 20 മിനിറ്റിനകവും ആംബുലൻസ് എത്തിയിരിക്കണം. മലയോര മേഖലകളിൽ ഇത് 20 മിനിറ്റു വരെയാകാം.സ്വകാര്യ ആശുപത്രികളിൽനിന്ന് സർക്കാർ ആശുപത്രികളിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്തിക്കാൻ ആംബുലൻസ് സേവനം ലഭിക്കും.

ആംബുലൻസിലെ നഴ്‌സ്, ഡോക്ടർമാരുടെ നിർദേശാനുസരണം പ്രഥമ ശുശ്രൂഷ നൽകിയശേഷം അടുത്തുള്ള ആശുപത്രിയിലെത്തിക്കും.

പ്രവർത്തനം ഇങ്ങനെ

108 ൽ വിളിക്കുമ്പോൾ കോൾ സെന്ററിൽ കണക്ടാകും. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സെൻട്രൽ സ്റ്റേഷനിൽ നിന്ന് ജി.പി.എസ് വഴി ആണ് സേവനവും പ്രവർത്തനവും നിയന്ത്രിക്കുന്നത്. ലൊക്കേഷനടക്കം ആംബുലൻസിൽ ലഭിക്കും.കൊട്ടിയൂരിൽ ആംബുലൻസ് സേവനം ലഭിക്കുന്നതോടെ രോഗികൾക്ക് ഏറെ ആശ്വാസകരമാകും.