ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ആവശ്യമെങ്കില്‍ നാവിക കപ്പലുകള്‍ വിന്യസിക്കാമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.



ന്യൂഡല്‍ഹി : ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ആവശ്യമെങ്കില്‍ നാവിക കപ്പലുകള്‍ വിന്യസിക്കാമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇറാന്‍ ഖുദ്‌സ് സേന തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ നാവിക കപ്പലായ ഐ.എന്‍.എസ് ത്രിഖണ്ഡ് ആവശ്യമെങ്കില്‍ വിന്യസിക്കാനാണ് തീരുമാനമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഒമാന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചിരിക്കുകയാണ് ഐ.എന്‍.എസ് ത്രിഖണ്ഡ്.
സുലൈമാനിയുടെ മരണത്തിന് ശേഷം അമേരിക്കയ്ക്കും ഇറാനും ഇടയില്‍ നടക്കുന്ന സംഘര്‍ഷം കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. ഇരു രാജ്യങ്ങളും അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളതെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.