തർക്കം പരിഹരിക്കാൻ വിളിപ്പിച്ചു; വനിതാപൊലീസും യുവതിയും തമ്മില്‍ കയ്യാങ്കളി; പരുക്ക്.




സാമ്പത്തിക ഇടപാടിലെ തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച യുവതികളിലൊരാൾ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മർദിച്ചു. തുടർന്നുണ്ടായ കയ്യാങ്കളിയിൽ യുവതിക്കും മർദനമേറ്റെന്നു പരാതി. നൂറനാട് സ്റ്റേഷനിലെ സീനിയർ വനിതാ സിവിൽ പൊലീസ് ഓഫിസർ പാവുമ്പ സ്വദേശി പി.രജനി (33), കുടശ്ശനാട് സ്വദേശി ഐശ്വര്യ (30) എന്നിവരെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയായിരുന്നു സംഭവം.

അടൂരിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്ന് ഐശ്വര്യയും സഹോദരിമാരും ചേർന്ന് വായ്പ എടുത്തിരുന്നു. ഇവരിൽ ഒരാളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നു കമ്പനിയുടെ കലക്‌ഷൻ ഏജന്റുമാർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് ഐശ്വര്യ ഉൾപ്പെടെ മൂവരെയും സ്റ്റേഷനിൽ വിളിപ്പിച്ചത്. ഇവർ പൊലീസ് സ്റ്റേഷനിൽ നിൽക്കെ യൂണിഫോമിലല്ലാതെ സ്റ്റേഷനിലേക്ക് എത്തിയ രജനി ‘എല്ലാവരും എത്തിയോ’ എന്നു ചോദിച്ചപ്പോൾ ഐശ്വര്യ മർദിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ ആളറിയാതെ ഉണ്ടായ സംഭവമാണെന്നും തനിക്കും മർദനമേറ്റെന്നും ഐശ്വര്യ പറഞ്ഞു. ഇരുവരും കുഴഞ്ഞു വീണതിനെ തുടർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്. ഐശ്വര്യക്കെതിരെ ജോലി തടസ്സപ്പെടുത്തിയതിനും മർദിച്ചതിനും കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും എസ്ഐ വി.ബിജു പറഞ്ഞു.