കൂമ്പാരമായി അവശിഷ്ടം; ഒരു നിലയോളം ഉയരം: നീക്കാന്‍ 70 ദിവസം വേണം.
ആല്‍ഫ സെറീന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ കൂമ്പാരം ഒരു നിലയോളം ഉയരത്തിൽ. എച്ച്.ടു.ഒ ഫ്ലാറ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. തകര്‍ന്ന് നിന്നിരുന്ന സ്ഥലത്തുതന്നെ കൂമ്പാരമായാണ് ഫ്ലാറ്റിന്റെ അവശിഷ്ടം. അവശിഷ്ടങ്ങള്‍ 70 ദിവസം കൊണ്ട് നീക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു.
അതേസമയം, മരടിലെ ആദ്യദിനദൗത്യം വിജയമെന്ന് എറണാകുളം കലക്ടര്‍ എസ്.സുഹാസ്. തൊട്ടടുത്ത് വീടുകൾ ഉള്ളതിനാൽ ആല്‍ഫയുടെ ഒരുഭാഗം കായലില്‍ മനപ്പൂർവ്വം വീഴ്ത്തിയതാണെന്നും കലക്ടർ പറഞ്ഞു. വലിയ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് പൊലീസ് കമ്മിഷണര്‍ വിജയ് സാക്കറെയും പറഞ്ഞു. ചെറിയ കേടുപാടുകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഉണ്ടായത് ഒരുശതമാനം മാത്രമെന്ന് ഇരുവരും പ്രതികരിച്ചു.
മരടിൽ നിയന്ത്രിത സ്ഫോടനത്തിൽ ഫ്ലാറ്റുകൾ തകർത്തത്തിൽ നിലവിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ജില്ലാ ഭരണകൂടവും പ്രതികരിച്ചിരുന്നു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ വീടുകൾക്കും, പാലത്തിനും നാശനഷ്ടമില്ലെന്നും എക്സ്പ്ലോസിവ്സ് ഡെ. ചീഫ് കണ്‍ട്രോളര്‍ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശങ്കപ്പെട്ടതുപോലെ ഒന്നുമില്ലെന്നാണ് ഇതുവരെ വിവരമെന്ന് എം.സ്വരാജ് എം.എല്‍.എയും പ്രതികരിച്ചിരുന്നു.
എച്ച് ടു ഒ ഫ്ലാറ്റ് വീണ് 28 മിനിറ്റിനുശേഷമാണ് മീറ്ററുകള്‍ അകലെയുളള ആള്‍ഫാ സെറീന്‍ ഫ്ലാറ്റില്‍ സ്ഫോടനം നടന്നത്. ആദ്യടവര്‍ വീണ് രണ്ടാം മിനിറ്റില്‍ രണ്ടാം ടവറും വീണു. സമീപത്ത് വീടുകളുളളതിനാല്‍ ഒരു ഭാഗം കായലിലേക്ക് ചെരിച്ചാണ് രണ്ട് ടവറുകളും വീഴ്ത്തിയത്. എന്നാല്‍ എച്ച് .ടു ഒ പോലെ കോണ്‍ക്രീറ്റ് പൂര്‍ണമായി തകര്‍ന്നില്ല. പ്രതീക്ഷിച്ചിരുന്നതിലേറെ അവശിഷ്ടങ്ങള്‍ കായലില്‍ പതിച്ചിട്ടുണ്ടെന്നാണ് നിഗമനം. ആള്‍ഫയുടെ പരിസരത്തും വീടുകള്‍ക്ക് നാശമില്ലെന്നാണ് വിവരം. അവശിഷ്ടം വീണ് ഒരുവീടിന്റെ മേല്‍ക്കൂരയില്‍ നേരിയ പൊട്ടല്‍ ഉണ്ടായത് കണ്ടെത്തിയിട്ടുണ്ട്.


0 Comments