അഴിമതി നടത്തിയ ഡി.ജി പി.
ലോക്നാഥ് ബഹ്റയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ബഹ്റയെ കേരളത്തിലേക്ക് അയച്ച അമിത് ഷായുടെ പ്രീതിക്കു വേണ്ടിയാണ് ഡിജിപിയെ സംരക്ഷിക്കുന്നതെന്ന് വി.ടി ബൽറാം എം.എൽ.എ പറഞ്ഞു.
സതീശൻ പാച്ചേനി നയിക്കുന്ന
സഹനസമര പദയാത്രയുടെ കൊളച്ചേരി ബ്ലോക്കിലെ പര്യടന പരിപാടിയുടെ സമാപന പൊതുസമ്മേളനം ചേലേരി മുക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രാഫിക് പിഴ ഈടാക്കുന്ന പണത്തിൽ പോലും അഴിമതിയുടെ സാധ്യതകണ്ടെത്തുന്ന  പുതിയ വഴികളാണ് ഡി.ജി.പി  നോക്കിക്കൊണ്ടിരിക്കുന്നത്. പാവപ്പെട്ടവരുടെ പിച്ച ചട്ടിയിൽ പോലും കയ്യിട്ടുവാരാനും അതിൽ അഴിമതി സാധ്യത കണ്ടെത്തുകയും ചെയ്യുന്ന
ഡിജിപിയുടെ പേര് ഡയരക്ടർ ജനറൽ ഓഫ് പോലീസ് എന്നുള്ളത് മാറ്റി
ദരിദ്രവാസി ജനറൽ ഓഫ്
 പോലീസ് എന്നാക്കേണ്ടിവരുമെന്നും വി.ടി.ബൽറാം പറഞ്ഞു.

ബിജെപി ഭരിക്കുന്ന സർക്കാറുകളിൽ നിന്നും യാതൊരു വ്യത്യാസവും  പിണറായി സർക്കാറിനും ഇല്ലെന്നും പൗരത്വഭേദഗതി നിയമത്തിനെതിതിരെയുള്ള സമരത്തിൽ സമരക്കാർക്ക് നേരെ വെടിവെച്ചിട്ടില്ലെന്ന് മാത്രമേയുള്ളൂവെന്നും സമരം ചെയ്യുന്നവർക്കു നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്ന
പിണറായി വിജയന്റെ ഭരണത്തിൽ പിണറായി ഗീർവാണ പ്രസംഗമടിക്കുന്ന മൈക്കിന് പോലും സംരക്ഷണം നൽകാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും പിണറായി പ്രസംഗിച്ചു പോയാൽ മൈക്ക് പോലും പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത് എന്നും ഗവൺമെന്റിന് ഇരട്ടത്താപ്പ് നയവും പിണറായിക്ക് ഇരട്ടമുഖവുമാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി പിണറായി വിജയൻ ഉപയോഗിച്ച വാക്കുകൾ ഉപയോഗിച്ചാണ് പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിന് എതിരെയുള്ള പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നത് എന്നും പിണറായിയുടെ വാക്കുകളും പ്രസംഗങ്ങളും ആരെയാണ് സഹായിക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും വി.ടി.ബൽറാം എം.എൽ എ പറഞ്ഞു.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജാഥാ ലീഡർ സതീശൻ പാച്ചേനി, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, കോൺഗ്രസ്
നേതാക്കളായ മാർട്ടിൻ ജോർജ്, ചന്ദ്രൻ തില്ലങ്കേരി, രജിത്ത് നാറാത്ത്, രജനി രമാനന്ദ്,എൻ.പി.ശ്രീധരൻ, മുണ്ടേരി ഗംഗാധരൻ, കെ.സി ഗണേശൻ,എം.പി.വേലായുധൻ, സുരേഷ് ബാബു എളയാവൂർ, ടി.ജയകൃഷ്ണൻ, കെ.സി മുഹമ്മദ് ഫൈസൽ, റഷീദ് കവ്വായി, ജോഷി കണ്ടത്തിൽ, കെ.എം ശിവദാസൻ,സുധീഷ് മുണ്ടേരി,എം.വി.രവീന്ദ്രൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെ.മുകുന്ദൻ,എം.വി. പ്രേമാനന്ദൻ, കെ.ഇ ബാലസുബ്രഹ്മണ്യൻ, കെ.പി. ശശിധരൻ,കെ.സത്യൻ കെ.സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.