ചെറുകുന്നില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുമെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. ചെറുകുന്ന് ഗവ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ സമാപനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അനുയോജ്യമായ സ്ഥലം കണ്ടെത്തി നടപടികള്‍ ആരംഭിക്കാന്‍ ടി വി രാജേഷ് എംഎല്‍എ യെ മന്ത്രി ചുമതലപ്പെടുത്തി.
ചെറുകുന്നില്‍ കായിക വകുപ്പിന്റെ ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കേരളത്തില്‍ പലയിടങ്ങളിലും ഫിറ്റ്‌നസ് സെന്ററുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ നല്‍കും. പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ ക്ലബുകള്‍ വഴി നടപ്പാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചെറുകുന്ന് ഗവ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  മികച്ച നിലവാരത്തിലുള്ള ഗ്രൗണ്ടിനായി കിഫ്ബി ഫണ്ടില്‍ നിന്നും 2 കോടി രൂപയും  ചെറുകുന്ന് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ക്ക് ഓഡിറ്റോറിയവും ചടങ്ങില്‍ മന്ത്രി അനുവദിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ രംഗം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. ഐ ടി രംഗത്ത് കഴിഞ്ഞ വര്‍ഷം 12000 കോടി രൂപ വരുമാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കണ്ണൂരില്‍ വിമാനത്താവളത്തിനടുത്ത് തന്നെ ഭൂമി ഏറ്റെടുത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. കേരളത്തിലെ യുവതീയുവാക്കള്‍ ജോലിക്കായി മറ്റു നാടുകളെ ആശ്രയിക്കേണ്ടി വരില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രാഫി നേടിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനുള്ള പി ടി എ യുടെ ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു.
 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചെറുകുന്ന് ബോയ്‌സ് സ്‌കൂളിന്  അടിസ്ഥാന സൗകര്യ വികസത്തിനായി  2.12 കോടി രൂപയാണ്  സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.  18  ക്ലാസ് മുറികളും മൂന്ന് കംപ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും 6 ടോയ്‌ലറ്റുകളും ഉള്‍പ്പെട്ടതാണ് പദ്ധതി.
കിഫ്ബില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ കൂടി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. 24.66 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ക്ലാസ് റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിണ്ടന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് പി പി ദിവ്യ, പഞ്ചായത്ത് പ്രസിണ്ടന്റുമാരായ കെ വി രാമകൃഷ്ണന്‍ (കണ്ണപുരം), പി കെ അസന്‍ കുഞ്ഞി മാസ്റ്റര്‍ (ചെറുകുന്ന്), ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ടി പി നിര്‍മ്മലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.