ഇല്ലാത്ത പോക്സോ കേസിന്റെ പേരില്‍ യുവാവില്‍ നിന്ന് കൈകൂലി വാങ്ങി; പൊലിസ് ഓഫിസറും സഹായിയും പിടിയില്‍
ഷൊര്‍ണൂര്‍: ഇല്ലാത്ത പോക്സോ കേസില്‍ പ്രതിയാക്കുമെന്നു പറഞ്ഞു യുവാവില്‍ നിന്നു കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് പിടിയില്‍. ഷൊര്‍ണൂര്‍ പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കരുനാഗപ്പള്ളി സ്വദേശി എ വിനോദ് (46) ആണ് പിടിയിലായത്. യുവാവില്‍ നിന്നു 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിനോദിനെ വിജിലന്‍സ് പിടികൂടുകയായിരുന്നു.
വിനോദിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുബി (ഉണ്ണിക്കൃഷ്ണന്‍,36) എന്നയാളെയും അറസ്റ്റ് ചെയ്തു. ബിനോയി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എത്തിയത്. കഴിഞ്ഞ മാസം ഷൊര്‍ണൂര്‍ പൊലിസില്‍ രജിസ്റ്റര്‍ ചെയ്തതും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ പോക്സോ കേസില്‍ സിഐയും എസ്‌ഐയും ബിനോയിയെ സംശയിക്കുന്നു എന്നുപറഞ്ഞാണ് പ്രതികള്‍ ബിനോയിയെ സമീപിച്ചത്. കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.
ആദ്യം 20,000 രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 10,000 രൂപയില്‍ ഒത്തുതീര്‍പ്പിലെത്തി. 6000 രൂപ ബിനോയി വിനോദിന് മൂന്ന് തവണയായി നല്‍കിയിരുന്നു. ബാക്കിയുള്ള 4000 രൂപ കൈമാറുന്നതിനിടെയാണു വിനോദിനേയും ഉണ്ണിക്കൃഷ്ണനേയും വിജിലന്‍സ് സംഘമെത്തി അറസ്റ്റ് ചെയ്തത്.
0 Comments