ലേബര്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ അനീതി അവസാനിപ്പിക്കണം; ജോയി കൊന്നക്കല്‍
ഇരിട്ടി: കെട്ടിട നിര്‍മാണ ചെലവിലെ ഒരു ശതമാനം കെട്ടിട ക്ഷേമനിധിയിലേക്ക് അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ ഡെപ്യൂട്ടി ലേബര്‍ ഓഫീസില്‍ നിന്ന് നോട്ടീസുകള്‍ അയച്ച് സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന നടപടി നിര്‍ത്തി വയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) പേരാവൂര്‍ നിയോജകമണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1966ലെ കെട്ടിട നിര്‍മാണ ക്ഷേമനിധി നിയമത്തിന്റെ പേരില്‍ യാതൊരു മാനദണ്ഡവുമില്ലാതെ 20 വര്‍ഷം മുന്‍പ് പണികഴിഞ്ഞ കെട്ടിടത്തിന് പോലും വന്‍തുക അടയ്ക്കുവാന്‍ പറഞ്ഞുകൊണ്ടാണ് നോട്ടീസുകള്‍ അയക്കുന്നത്. ഒരു ശതമാനം ക്ഷേമനിധിയിലേക്കും ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന തുകയുടെ ഒരു ശതമാനം സര്‍വീസ് ചാര്‍ജ് ആയും
ഭീമമായ തുക ക്ഷേമനിധി രജിസ്‌ട്രേഷന്‍ ഫീസായും അടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയക്കുന്നത് അനീതിയാണ്. ഭൂമി ആധാരം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുകയുടെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം നോട്ടീസ് അയക്കുന്ന നടപടി അംഗീകരിക്കാന്‍ പറ്റില്ല. സബ് രജിസ്ട്രാര്‍മാര്‍ പരിശോധന നടത്തി സര്‍ക്കാര്‍ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് രജിസ്‌ട്രേഷന്‍ വകുപ്പ് തന്നെ കൂടിയ വില നിശ്ചയിച്ച് പണമടയ്ക്കാന്‍ നോട്ടീസയച്ചു സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന നടപടി നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി മഠത്തിനകം അധ്യക്ഷത വഹിച്ചു. കെ.ടി.സുരേഷ്‌കുമാര്‍, ജോര്‍ജ്ജുകുട്ടി ഇരുമ്പുഴി, ജോര്‍ജ്ജ് മാത്യു, തോമസ് മാലത്ത്, സി.എം.ജോര്‍ജ്, ബിനു മണ്ഡപത്തില്‍, വിപിന്‍ തോമസ്, കെ.ജെ.ജോസഫ്, പി.എ.മാത്യു, ജോണി കാവുങ്കല്‍, അബ്രഹാം കല്ലംമാരി, ഗര്‍വാസീസ്, കുഞ്ഞച്ചന്‍ വടശ്ശേരി, അപ്പച്ചന്‍ കുമ്പുക്കല്‍, ബ്രിട്ടോ, കെ.കെ.വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments