പോലീസ് പിൻതുടരുന്നതിനെ തുടർന്ന്
യുവാവ് ഇരിട്ടി പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ചാടി


വാഹനത്തിൽ മരത്തടികൾ ഒളിപ്പിച്ചു കടത്തുന്നതിനിടയിൽ പോലീസിനെ കണ്ട് ഭയന്നോടിയ ഒരാൾ ഇരിട്ടി പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ചാടി. ഫയർഫോഴ്സും പോലീസും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാടത്തിൽ വച്ച് വാഹനപരിശോധനയ്ക്കിടെ പോലീസ് കൈ കാണിച്ചിട്ടും വാഹനം നിർത്താത്തതിനെ തുടർന്ന് പോലീസ് വാഹനത്തെ പിന്തുടരുകയും ഇരിട്ടി പാലത്തിനു സമീപം വാഹനം നിർത്തിയതിനുശേഷം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ നിർമ്മാണത്തിലിരിക്കുന്ന ഇരിട്ടി പുതിയ പാലത്തിലേക്ക് ഓടിക്കയറുകയായിരുന്നു. അതിലൊരാളാണ് പുഴയിലേക്ക് ചാടിയത്. തുടർന്ന് ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. കർണാടക സ്വദേശികളാണ് ഇരുവരും കർണാടകത്തിൽ നിന്നുമാണ് തലശ്ശേരിയിലേക്ക് മരത്തടികൾ  കൊണ്ടുപോകുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.