നിര്‍ഭയ കേസില്‍  ശിക്ഷ വെവ്വേറെ നടപ്പാക്കണം: സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോകുന്നതിനാല്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ശിക്ഷ വിധി വെവ്വേറെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഇതേ ആവശ്യം ഉന്നയിച്ചു സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ സുപ്രീം കോടതിയെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സമീപിക്കുകയായിരുന്നു.

ഒരോരുത്തരായി പുന:പരിശോധാ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നതിലൂടെ ശിക്ഷ നടപ്പാക്കുന്നത് ബോധപൂര്‍വ്വം നീട്ടാനുള്ള തന്ത്രമാണെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നിയമത്തിന്റെ സാങ്കേതികത്വം ഉപയോഗിച്ച്‌ ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്നും അത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കം കേസിലെ പ്രതികള്‍ക്കുള്ള അവകാശങ്ങളെല്ലാം ഇനിയുള്ള ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ വിനിയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ കാലയളവിന് ശേഷം വിചാരണ കോടതിക്ക് ഉചിതമായ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനുവരി 31 ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

2012 ഡിസംബര്‍ പതിനാറിനാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി ഓടുന്ന ബസില്‍വെച്ച്‌ ബലാത്സംഗത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറുപ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്യപ്പെട്ട മറ്റൊരു പ്രതി മൂന്നുവര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

പ്രതികളില്‍ മുകേഷ്, വിനയ് എന്നിവര്‍ക്ക് വധശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടഞ്ഞുകഴിഞ്ഞു. ഇവര്‍ സമര്‍പ്പിച്ച ദയാഹര്‍ജി ജനുവരി 17ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ ജനുവരി 29ന് കോടതി ഇവരുടെ ഹര്‍ജി തള്ളുകയായിരുന്നു.