പുരപ്പുറ സൗരോര്‍ജപദ്ധതി: ആദ്യഘട്ടം കണ്ണൂരില്‍ 2000 പേര്‍ക്ക്
തലശ്ശേരി: പുരപ്പുറ സൗരോര്‍ജപദ്ധതിക്കായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ കെ.എസ്.ഇ.ബി. തിരഞ്ഞെടുത്തത് രണ്ടായിരം പേരെ. രജിസ്റ്റര്‍ചെയ്ത 40,000 പേരില്‍നിന്നാണ് ഇത്രയുംപേരെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളുടെയും വീടുകളുടെയും മുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കെ.എസ്.ഇ.ബി.യുടെ പദ്ധതിയാണ് 'സൗര'. 55,000 രൂപയാണ് ഇതിനായി ഉപഭോക്താവ് അടക്കേണ്ടത്. മുന്‍കൂറായി 5500 രൂപ അടച്ചാല്‍ മതി. സ്വകാര്യ സൗരോര്‍ജ കമ്ബനികളേക്കാള്‍ കുറഞ്ഞചെലവിലാണ് സ്ഥാപിക്കുന്നതെന്ന് പദ്ധതിയുടെ മെച്ചമായി കെ.എസ്.ഇ.ബി. പറയുന്നു.
കെ.എസ്.ഇ.ബി. നിയോഗിച്ച കോ ഓര്‍ഡിനേറ്റര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ട വീടുകളിലും കെട്ടിടങ്ങളിലുമെത്തി പരിശോധനനടത്തും. വീടും കെട്ടിടവും പരിശോധിച്ചാണ് എത്ര കി.വാട്ട് ഉത്പാദനശേഷിയുള്ള പാനലുകളാണ് സ്ഥാപിക്കുകയെന്ന് തീരുമാനിക്കുന്നത്. കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങും. ഉപഭോക്താക്കള്‍ തയ്യാറാകുന്നത് ശരാശരി അഞ്ച് കി.വാട്ട് വരെ ഉത്പാദനശേഷിയുള്ള പാനലുകള്‍ സ്ഥാപിക്കും. ജില്ലയില്‍ ഉപഭോക്താക്കളുമായി കരാര്‍ ഒപ്പിടുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ടാറ്റ സോളാര്‍ പവര്‍ കമ്ബനിയാണ് കരാറെടുത്തിരിക്കുന്നത്. മൂന്നുവര്‍ഷത്തേക്ക് അറ്റകുറ്റപ്പണി സോളാര്‍ കമ്ബനി സൗജന്യമായി ചെയ്തുകൊടുക്കും.
രണ്ടാംഘട്ടത്തില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കെ.എസ്.ഇ.ബി.യുടെ ചെലവില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുക. ഇതുപ്രകാരം സംസ്ഥാനത്തൊട്ടാകെ ആകെ 150 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ചെലവ് പൂര്‍ണമായി കെ.എസ്.ഇ.ബി. തന്നെ വഹിക്കും.
10 ശതമാനം കെട്ടിട ഉടമയ്ക്ക് സൗജന്യം
ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിട ഉടമയ്ക്ക് സൗജന്യമായി നല്‍കും. മറ്റുള്ളവ നിശ്ചിതതുക ഈടാക്കി വില്‍ക്കും. പാനലുകളുടെ പരിപാലനം കെട്ടിട ഉടമയ്ക്കായിരിക്കും. അറ്റകുറ്റപ്പണി കെ.എസ്.ഇി.ബി.തന്നെ ചെയ്യും.
0 Comments