എത്രകാലം കഴിഞ്ഞാലും ഷുഹൈബിന്റെ കൊലയാളികള്‍ രക്ഷപ്പെടില്ല: കെ. സുധാകരന്‍

മട്ടന്നൂര്‍: കേസ് എത്രകാലം നീണ്ടുപോയാലും ഷുഹൈബിന്റെ കൊലയാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് കെ.സുധാകരന്‍ എം.പി. പറഞ്ഞു. കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ ഷുഹൈബ് അനുസ്മരണറാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഫാസിസ്റ്റ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിന് വഴിമുടക്കിയായിരുന്നു ഷുഹൈബ്. അതിനാലാണ് രാഷ്ട്രീയത്തിനപ്പുറം ഏറെപ്പേര്‍ക്ക് കൈത്താങ്ങായിരുന്ന ഷുഹൈബിനെ അവര്‍ ഇല്ലാതാക്കിയത്. കേസ് നീണ്ടുപോകുമ്ബോള്‍ കൊലയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രക്ഷപ്പെടുമെന്ന് കരുതുന്നുണ്ടാകാം. എന്നാല്‍ യഥാര്‍ഥ പ്രതികള്‍ക്ക് കാലം കരുതിവെച്ച ശിക്ഷ ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ബി.ആര്‍.എം.ഷഫീര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.പ്രശാന്തന്‍ അധ്യക്ഷതവഹിച്ചു. റിജില്‍ മാക്കുറ്റി, വി.ആര്‍.ഭാസ്കരന്‍, ടി.വി.രവീന്ദ്രന്‍, എ.കെ.രാജേഷ്, ഷുഹൈബിന്റെ പിതാവ് സി.പി.മുഹമ്മദ്, ഫര്‍സീന്‍ മജീദ്, ദീപേഷ് എടയന്നൂര്‍, എം.രത്‌നകുമാര്‍, സുധീപ് ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഷുഹൈബ് വെട്ടേറ്റു മരിച്ച തെരൂരില്‍നിന്നാരംഭിച്ച റാലി എടയന്നൂരില്‍ സമാപിച്ചു.