പരാതി നൽകുമ്പോൾ പൊലീസ്‌ സ്‌റ്റേഷനിൽ നമ്പർ കൊടുക്കാൻ മറക്കണ്ട

തിരുവനന്തപുരം: “പരാതി നൽകാൻ ചെന്നപ്പോൾ എന്തായിരുന്നു സ്റ്റേഷനിലെ അനുഭവം? സ്വീകരിച്ച നടപടിയിൽ തൃപ്തനാണോ?’ –- ഏതെങ്കിലും പൊലീസ്‌ സ്‌റ്റേഷനിൽ പരാതി കൊടുത്തവരാണ്‌ നിങ്ങളെങ്കിൽ ഈ ചോദ്യം ഉടന്‍ ഫോണില്‍ പ്രതീക്ഷിക്കാം. പരാതി നൽകുന്നവരെ ഇനിമുതൽ  ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച്‌ ഇക്കാര്യമെല്ലാം തെരക്കും. 

സ്റ്റേഷനുകൾ മികച്ച സേവനംകിട്ടുന്ന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ  സംവിധാനം. ജില്ലാ പൊലീസ് മേധാവിമാര്‍ അധികാരപരിധിയിലുള്ള സ്റ്റേഷനുകളിൽ പരാതി നൽകിയ പത്തുപേരെ ദിവസവും വൈകിട്ട് ഫോണിൽ വിളിച്ച് ഇക്കാര്യം അന്വേഷിക്കും. റേഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും അധികാരപരിധിയിൽനിന്ന് 10 പരാതിക്കാരെ തെരഞ്ഞെടുത്ത് ഫോണിൽ സംസാരിക്കും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും സംസ്ഥാന പൊലീസ് മേധാവിയും ജില്ലകളിലെ 10 പരാതിക്കാരെ ബന്ധപ്പെട്ടും. ഇതിനായി  പരാതിയോടൊപ്പം ഫോൺ നമ്പരും നല്‍കണമെന്നുമാത്രം.

രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൂടാതെ വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതിയാണ് ദിവസവും പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. പരാതികളെല്ലാം ഡിജിറ്റലൈസ് ചെയ്യും. അതോടെ ഉന്നത ഉദ്യോഗസ്ഥർക്ക് അപ്പപ്പോള്‍ വിവരം ഓൺലൈനായി ലഭിക്കും. പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിലും പരാതിയില്‍ സ്വീകരിക്കേണ്ട നടപടിക്രമത്തിലും  മാറ്റംവരുത്താനുമാകും.