എതിര്‍പ്പുമായി ക്രിസ്‍ത്യന്‍ സഭകള്‍; സെമിത്തേരി ബില്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി

തിരുവനന്തപുരം: സെമിത്തേരി ബില്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി. മറ്റ് ക്രിസ്ത്യന്‍ സഭകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച്‌ നിയമസഭാ സബ്‍ജക്‌ട് കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. സെമിത്തേരി ബില്‍ എല്ലാ സഭകള്‍ക്കും ബാധകമാക്കുന്നതിനെ പ്രതിപക്ഷവും എതിര്‍ത്തിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിറവം ഉള്‍പ്പടെ പ്രധാനപ്പെട്ട പളളികള്‍ ഓര്‍ത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സെമിത്തേരി ബില്ലുമായി രംഗത്തെത്തിയത്.

ശവമടക്കുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടന്നതോടെയാണ് ബില്ല് കൊണ്ടുവന്നത്. പളളി ആര് ഭരിച്ചാലും ഇടവകാംഗങ്ങള്‍ക്ക് കുടുംബകല്ലറയുളള സെമിത്തേരിയില്‍ തന്നെ മൃതദേഹം അടക്കം ചെയ്യാന്‍ ബില്ല് അനുമതി നല്‍കുന്നുണ്ട്. ശവമടക്ക് തടഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവോ പതിനായിരം രൂപയോ ശിക്ഷ ലഭിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ.

എന്നാല്‍ ബില്‍ യാക്കോബായ സഭയെ സഹായിക്കാനും സുപ്രീംകോടതി വിധിയെ അസ്ഥിരപ്പെടുത്താനുളള സര്‍ക്കാരിന്‍റെ ആസൂത്രിത നീക്കമെന്നായിരുന്നു ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. ബില്‍ അവ്യക്തവും കൃത്യത ഇല്ലാത്തതുമാണെന്നായിരുന്നു സിറോ മലബാര്‍ സഭാ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആരോപണം.