ജില്ലാ പഞ്ചായത്തിനെ മാതൃകയാക്കാന്‍ കര്‍ണാടക ജനപ്രതിനിധി സംഘം


കണ്ണൂര്‍: കേരളത്തിലെ പഞ്ചായത്ത്‌ ഭരണത്തെക്കുറിച്ച്‌ അറിയുന്നതിനും വിശദമായി പഠിക്കുന്നതിനും മാതൃക പിന്തുടരുന്നതിനുമായി കര്‍ണാടകയില്‍ നിന്നുള്ള ജനപ്രതിനിധി സംഘം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജില്ലയിലെത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘം ജില്ലാ പഞ്ചായത്തും സന്ദര്‍ശിച്ചു. കര്‍ണാടകയിലെ ഒമ്ബത്‌ ജില്ലകളില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ടുമാര്‍, ഒരു ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌, വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവരടങ്ങുന്നതാണ്‌ സംഘം. കര്‍ണാടകയിലെ ജനപ്രതിനിധികള്‍ക്ക്‌ ഭരണ സംവിധാനരീതിയെക്കുറിച്ച്‌ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. കര്‍ണാടക സംസ്‌ഥാന ഗ്രാമ വികസന വകുപ്പാണ്‌ രണ്ടു ദിവസത്തെ സന്ദര്‍ശം ഒരുക്കിയത്‌.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌് കെ വി സുമേഷ്‌, വൈസ്‌ പ്രസിഡണ്ട്‌ പി പി ദിവ്യ, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, ടി ടി റംല, അംഗങ്ങളായ പി ജാനകി ടീച്ചര്‍, അജിത്ത്‌ മാട്ടൂല്‍ തുടങ്ങിയവര്‍ ഊഷ്‌മളമായ വരവേല്‍പ്പാണ്‌ കര്‍ണാടക ജനപ്രതിനിധി സംഘത്തിന്‌ നല്‍കിയത്‌. പൊന്നാടയണിച്ചും മൊമന്റോ നല്‍കിയും സംഘത്തിലുള്ളവരെ ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഒപ്പം കേരളത്തിന്റെയും ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ്‌ ഇവരുടെ സന്ദര്‍ശനമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ വി സുമേഷ്‌ സ്വീകരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും സംഘത്തിനായി പ്രത്യേക അവതരണവും നടന്നു. കാര്‍ഷിക രംഗത്തു വിവിധ പദ്ധതികളും വിദ്യാഭ്യാസ നൂറുശതമാനം വിജയം ലക്ഷ്യം വച്ച്‌ നടപ്പിലാക്കുന്ന മുകുളം ഉള്‍പ്പടെയുള്ള പദ്ധതികളും സംഘത്തിന്റെ പ്രശംസ പിടിച്ചു പറ്റി. ലഹരി നിര്‍മ്മാര്‍ജ്‌ജനം ലക്ഷ്യം വച്ച്‌ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെയും സംഘം അഭിനന്ദിച്ചു.
തുടര്‍ന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്തിന്റെ ഓഫീസും പരിസരവും സംഘം സന്ദര്‍ശിച്ചു. സ്‌ത്രീകള്‍ക്കായി തയ്റായക്കിയ ഷീ ഷെല്‍ട്ടര്‍ തങ്ങളെ അമ്ബരിപ്പിച്ചുവെന്നായിരുന്നു സംഘത്തിന്റെ പ്രതികരണം.കേരളത്തിലെ ജനപ്രതിനിധികള്‍ വ്യത്യസ്‌ത രാഷ്ര്‌ടീയ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്‌താലും രാഷ്ര്‌ടീയം മാറ്റി വെച്ചു കൊണ്ടുള്ള അവരുടെ ഭരണ പ്രവര്‍ത്തനം കൗതുകകരമാണെ്‌ സംഘം അഭിപ്രായപ്പെട്ടു. പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക്‌ കേരളത്തിലേത്‌ പോലെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ഫണ്ട്‌ ലഭിക്കുന്നില്ലെന്നും നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്‌ഥരില്ലയെന്നും അവര്‍ വ്യക്‌തമാക്കി.