കൃത്രിമക്കാലില്‍ അസ്‌നയെത്തി; സ്വന്തം നാടിന്റെ ഡോക്‌ടറായി
കൂത്തുപറമ്പ്: ചെറുവാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ രാവിലെ മുതല്‍ നാട്ടുകാരും ആശുപത്രി ജീവനക്കാരും പുതിയ ഡോക്‌ടറെ സ്വീകരിക്കാന്‍ തയാറായി നില്‍ക്കുകയായിരുന്നു. 19 വര്‍ഷം മുമ്ബ് ബോംബ് സ്‌ഫോടനത്തില്‍ കാല്‍ നഷ്‌ടപ്പെട്ട അസ്‌നയെന്ന അഞ്ചു വയസുകാരിക്കു വലിയ നേട്ടങ്ങളിലേക്കു താങ്ങായിനിന്നതു ചെറുവാഞ്ചേരിക്കാരായിരുന്നു. അവരുടെ രോഗങ്ങളില്‍ ഇനി അസ്‌ന തുണയാകും.
സ്വന്തം നാട്ടിലെ ഡോക്‌ടറാകാന്‍ സാധിച്ചതില്‍ സന്തോഷത്തോടെ സ്വന്തം കാറോടിച്ച് അച്‌ഛനോടൊപ്പമാണ് അസ്‌നയെത്തിയത്. ആശുപത്രി ജീവനക്കാരും നാട്ടുകാരും പുതിയ ഡോക്‌ടറെ പൂമാലകളണിയിച്ച് സ്വീകരിച്ചു.
2000 സെപ്‌റ്റംബര്‍ 27ന് തെരഞ്ഞെടുപ്പു ദിവസം വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെയാണ് ബോംബേറില്‍ അസ്‌നക്ക് പരുക്കേറ്റത്. പിന്നീടുള്ള അസ്‌തയുടെ ജീവിതം അതിജീവനത്തിന്റേതായിരുന്നു. നിശ്‌ചയദാര്‍ഢ്യത്തോടെ പഠിച്ച് എം.ബി.ബി.എസ്. പ്രവേശനം നേടി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലാം നിലയിലായിരുന്നു ക്ലാസ് റൂം. കാര്യമറിഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ട് 38 ലക്ഷം രൂപ ചെലവിട്ട് ലിഫ്‌റ്റ് സ്‌ഥാപിച്ചുനല്‍കി. പഠനത്തിനു സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ച് നല്‍കി. ഡി.സി.സി. വീടുവച്ചു നല്‍കി.
തനിക്കു താങ്ങായി നിന്ന നാട്ടിലെ ആശുപത്രിയില്‍ ഡോക്‌ടറാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അസ്‌ന പറഞ്ഞു. ചെറുവാഞ്ചേരിയിലെ അനയ സ്വരൂപ് എന്ന കുട്ടിയെയാണ് ആദ്യം പരിശോധിച്ചത്.
0 Comments