റോഡിലെ കുഴി: കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ഗായകന് ഗുരുതര പരിക്ക്


റോഡിലെ കുഴി കാരണം നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് എതിര്‍വശത്തെ കടയിലേക്ക് പാഞ്ഞു കയറി. കാറിലുണ്ടായിരുന്ന ഗായകന് ഗുരുതര പരിക്കേറ്റു. ഒരു വന്‍ ദുരന്തമാണ് വഴി മാറിയത്. എ.കെ.ജി ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ നടന്ന അപകടത്തില്‍ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ റോഷനാണ് പരിക്കേറ്റത്. മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡിലെ കുഴിയിലിറങ്ങിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡറും തകര്‍ത്ത് എതിര്‍വശത്തെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കടകള്‍ തുറക്കാത്ത സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മലക്കം മറിഞ്ഞു. കാര്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു. ബസുകള്‍ നിര്‍ത്തുന്നതിന് വേണ്ടി റോഡില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച താഴ്ചയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാത്രിയില്‍ ഈ കുഴി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടാത്തതിനാല്‍ ഇവിടെ വാഹനാപകടങ്ങള്‍ ഉണ്ടാകാറുണ്ട്.