ഓന്ത് നിറം മാറുന്നത് പോലെ സിപിഎം നയം മാറ്റി കൊണ്ടിരിക്കുകയാണ്: കെ. സുരേന്ദ്രൻ

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിന് പ്രത്യേക നയമില്ലെന്നും ആത്മാർത്ഥമായ സമീപനം പോലും ഇല്ലാതെ കാപട്യമായ നയങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സഹനസമര പദയാത്രയുടെ പത്താം ദിവസത്തെ പര്യടന പരിപാടി ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ചെമ്പേരിയിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേടിയെടുത്ത സ്വതന്ത്ര ഭാരതത്തിന്റെ മണ്ണിന് മുന്നോട്ടുപോകാൻ സൃഷ്ടിക്കപ്പെട്ട ഭരണഘടന മോദി സർക്കാർ തകർത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭരണഘടനയിൽ എഴുതിവെക്കപ്പെട്ട മതേതരത്വവും ജനാധിപത്യവും ഇല്ലായ്മ ചെയ്തുകൊണ്ട് മതത്തിന്റെയും ജാതിയുടെയും പേരിൽ സംഘർഷങ്ങൾ ഉണ്ടാക്കുന്നതിന് പരിശ്രമിക്കുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടം കോൺഗ്രസ് ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ്.

ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുന്ന കേന്ദ്രസർക്കാരിനോട് ഒപ്പം ചേർന്ന് ജനവിരുദ്ധനയങ്ങൾ മാത്രം നടപ്പിലാക്കി കൊണ്ട് പിണറായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും നാടിനെ രക്ഷിക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണം എന്നും ഈ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ താല്പര്യമില്ലാതെ മുന്നോട്ടുപോകുന്ന ഭരണകൂടങ്ങളെ തിരുത്താനുള്ള സഹന സമര പോരാട്ടമാണ് നടക്കുന്നതെന്നും രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് രാജ്യം നടന്നടുക്കുകയാണെന്നും കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം ഒ മാധവൻ അധ്യക്ഷത വഹിച്ചു. കെ സി ജോസഫ് എം എൽ എ, ജാഥാ നായകൻ സതീശൻ പാച്ചേനി, നേതാക്കളായ അഡ്വ.സജീവ് ജോസഫ്, മാർട്ടിൻ ജോർജ്ജ്,അഡ്വ. സോണി സെബാസ്റ്യൻ, തോമസ് വെക്കത്താനം, ചാക്കോ പാലക്കലോടി, ചന്ദ്രൻ തില്ലങ്കേരി,പി.സി ഷാജി മുഹമ്മദ് ബ്ലാത്തൂർ, രജനി രമാനന്ദ്, ഡോ.കെ.വി ഫിലോമിന,ജോഷി കണ്ടത്തിൽ, ജോസഫ് പരത്തനാൽ തുടങ്ങിയവർ പ്രസംഗിച്ചു.