ദേശസുരക്ഷ ഉറപ്പ് വരുത്താന്‍ കഴിവില്ലാതെ ദേശസ്നേഹം പറഞ്ഞ് രക്ഷപ്പെടരുത്: കേന്ദ്രത്തിനെതിരെ ശശി തരൂര്‍

പുല്‍വാമ ആക്രമണത്തിന്‍റെ വാര്‍ഷികത്തില്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം.പി. രാജ്യസുരക്ഷ ഉറപ്പ് വരുത്താനുള്ള കഴിവില്ലായ്മയ്ക്ക് ദേശസ്നേഹം ഒഴിവുകഴിവാക്കരുതെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

പുല്‍വാമ വാര്‍ഷികത്തില്‍ രക്തസാക്ഷികളെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്യുന്നു. അപായ സാധ്യതകളൊന്നും പരിഗണിക്കാതെ നമ്മുടെ രാജ്യസുരക്ഷയ്ക്കായി നിലകൊള്ളുന്ന ജവാന്മാര്‍ക്ക് നന്ദി. എന്നാല്‍ അന്ന് നടന്നതിനെ കുറിച്ച്‌ ഗൌരവമേറിയ എന്തെങ്കിലും അന്വേഷണം ഇതുവരെ നടന്നിട്ടുണ്ടോയെന്ന് ശശി തരൂര്‍ ചോദിക്കുന്നു.


40 ജവാന്‍മാരെ നഷ്ടപ്പെടുത്തിയ തീരുമാനങ്ങള്‍ക്ക് ഉത്തരവാദി ആരാണ്? എല്ലാ വിമര്‍ശനങ്ങള്‍ക്കും എതിരായ ഒരു കവചമായി ബിജെപി പതാക ഉപയോഗിക്കുകയാണ്. എന്നാല്‍ ദേശസ്‌നേഹം ഒരു വിശ്വാസമാണ്. ഒഴിവുകഴിവല്ല. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ നിന്ന് മാറിനില്‍ക്കാന്‍ സര്‍ക്കാരിനാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ ഭീകരാക്രമണങ്ങളും നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റവും കൂടി. നമ്മുടെ മിഗ് വിമാനം വെടിവെച്ചിട്ടു. പുല്‍വാമ ആക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ദേശസുരക്ഷ ഉറപ്പ് വരുത്താനുള്ള കഴിവില്ലായ്മയ്ക്ക് ദേശസ്നേഹം ഒഴിവുകഴിവാക്കരുതെന്നും ശശി തരൂര്‍ പറഞ്ഞു.