സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി സിംസ് പദ്ധതി

തിരുവനന്തപുരം: സ്വകാര്യ കണ്‍ട്രോള്‍ റൂം വഴി സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള സിംസ് പദ്ധതി സംശയത്തിന്റെ നിഴലില്‍. കെല്‍ട്രോണിനുണ്ടായിരുന്ന നിരീക്ഷണച്ചുമതല അവര്‍ സ്വകാര്യ കമ്ബനിക്ക് ഉപകരാര്‍ നല്‍കിയതും പദ്ധതിയിലേക്ക് സ്ഥാപനങ്ങളെ സഹകരിപ്പിക്കാന്‍ പൊലീസ് തന്നെ മുന്നിട്ടിറങ്ങിയതുമാണ് ആരോപണത്തിനടിസ്ഥാനം. പൊലീസ് ആസ്ഥാനത്ത് കെല്‍ട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച്‌ സ്വകാര്യ കണ്‍ട്രോള്‍ റൂം തുറക്കാനായിരുന്നു തീരുമാനം.

ഇവിടെ കെല്‍ട്രോണിലെ ജീവനക്കാരെ നിയമിക്കണമെന്നും 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം. നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക കെല്‍ട്രോണിന് നല്‍കണം. ഇതിന്റെ ഒരു വിഹിതം പൊലീസിനും ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. കെല്‍ട്രോണ്‍ തന്നെ ബാങ്കുകളിലും വീടുകളിലും കാമറ സ്ഥാപിക്കുമെന്നായിരുന്നു തീരുമാനം.

എന്നാല്‍ കെല്‍ട്രോണ്‍ കരാര്‍ തെറ്റിച്ചു. ഗ്ലാക്‌സോണ്‍ എന്ന സ്വകാര്യ സ്ഥാപനത്തെ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചു. കെല്‍ട്രോണ്‍, നിരീക്ഷണത്തിന് സ്വന്തം ജീവനക്കാരനെ നിയോഗിക്കാനും തയ്യാറായില്ല.ഇതോടെ പൊലീസുകാര്‍ തന്നെ നിരീക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്നു. ബാങ്കുകളും സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ എസ്പി മാര്‍ സ്ഥാപനങ്ങളുടെ യോഗം വിളിച്ച്‌ സഹകരണം ഉറപ്പാക്കി.

ഒരു സ്ഥലത്ത് നാല് കാമറകളും സെന്‍സറും സ്ഥാപിക്കുന്നതിന് 80000 രൂപയായിരുന്നു നിശ്ചയിച്ചിരുന്നനിരക്ക്. എന്നാല്‍ ഇതിന്റെ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചതും കാമറകള്‍ ഘടിപ്പിച്ചതും കെല്‍ട്രോണില്‍ നിന്ന് ഉപകരാര്‍ ഏറ്റെടുത്ത സ്വകാര്യ കമ്ബനിയാണ്. സ്ഥാപനങ്ങള്‍ നല്‍കുന്ന പണത്തില്‍ നിന്ന് 13 ശതമാനം പൊലീസിനും 87 ശതമാനം കെല്‍ട്രോണിനും എന്നായിരുന്നു വ്യവസ്ഥ. തുടക്കത്തില്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ പദ്ധതി എതിര്‍ത്തിരുന്നു.

പൊലീസിന്റേത് സൗജന്യ സേവനമാണെന്നായിരുന്നു ഇവരുടെ വാദം. സംസ്ഥാനത്ത് മോഷണശ്രമം തടയുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകള്‍ കേന്ദ്രീകരിച്ച്‌ നിരീക്ഷണം നടത്തുന്നതായിരുന്നു സിംസ് പദ്ധതി.നിരീക്ഷണത്തിനിടെ മോഷണ നീക്കം കാണുകയാണെങ്കില്‍ അക്കാര്യം ഉടന്‍ പൊലീസിനെ അറിയിക്കണം. പൊലീസുകാര്‍ ഉടന്‍ സംഭവസ്ഥലത്തെത്തി കുറ്റം ചെയ്യുന്നവരെ പിടികൂടണം എന്നതായിരുന്നു ലക്ഷ്യം.

അതേസമയം, സിംസ് പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഗാലക്‌സണ്‍ ഇന്റര്‍നാഷണല്‍ പ്രതിനിധി ബെര്‍ണാഡ് രാജന്‍ പറഞ്ഞു. കെല്‍ട്രോണ്‍ ഇ ടെന്‍ഡര്‍ ഡിക്ലെയര്‍ ചെയ്താണ് തങ്ങള്‍ സിംസ് പദ്ധതിയുടെ ഭാഗമായത്. കൂടുതല്‍ വിശദീകരണം നല്‍കേണ്ടത് കെല്‍ട്രോണ്‍ ആണെന്നും തങ്ങളല്ലെന്നും ബെര്‍ണാഡ് രാജന്‍ പ്രതികരിച്ചു. സിംസ് പ്രോജക്ടിന്റെ ടെക്‌നോളജി പാര്‍ട്ണറാണ് ഗാലക്‌സണ്‍ ഇന്റര്‍നാഷണല്‍. പദ്ധതിയുടെ പ്രധാന പങ്കാളി കെല്‍ട്രോണ്‍ ആണ്.

അവര്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുക മാത്രമാണ് തങ്ങളുടെ ജോലി. ദുബായ് ആസ്ഥാനമായ കമ്ബനിയാണ് ഗാലക്‌സണ്‍ ഇന്റര്‍നാഷണല്‍. ഇന്ത്യയിലിത് ആദ്യമായാണ് കമ്ബനി ഒരു കരാര്‍ ഏറ്റെടുക്കുന്നത്. ഷാര്‍ജ പൊലീസിനും ദുബായ് പൊലീസിനുമെല്ലാം തങ്ങള്‍ ജോലി ചെയ്ത് നല്‍കാറുണ്ട്. പൊലീസിന് ബാദ്ധ്യതയില്ലാതെ നടത്തണമെന്ന ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം ലംഘിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നാണ് ആരോപണം.