കെട്ടിടങ്ങള്‍ക്ക് തീപിടിച്ചാല്‍ സ്ഥിതി ഭയാനകമാണ്. തീ പടര്‍ന്നാല്‍ ഇറങ്ങിയോടാന്‍പോലും ഇടമില്ലാത്തവ ജില്ലയിലുണ്ട്. ഓടിക്കിതച്ച് എത്തുന്ന അഗ്നിരക്ഷാസേനയ്ക്ക് ഉള്ളില്‍ കയറാന്‍ സൗകര്യമില്ലത്ത കെട്ടിടങ്ങള്‍ നിരവധി. തീ കെടുത്താന്‍ നഗരങ്ങളിലുള്ള ജല പോയിന്റുകളില്‍ ഒരിറ്റ് വെള്ളമില്ല. കണ്ണൂര്‍ നഗരത്തില്‍ മാത്രം 20 ഫ്ളാറ്റുകള്‍ അഗ്നിരക്ഷാനിലയത്തിന്റെ എന്‍.ഒ.സി. (എതിര്‍പ്പില്ലാ രേഖ) പുതുക്കിയില്ല. നഗരത്തിലെ മൂന്ന് മാളുകളും അഞ്ച് സിനിമാ തിയേറ്ററുകളും ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.
അഗ്നിസുരക്ഷയില്ലാത്ത 13 കെട്ടിടങ്ങള്‍ക്ക് കണ്ണൂര്‍ ഓഫീസ് നോട്ടീസ് നല്‍കി. ഇത് സൂചിപ്പിക്കുന്നത് ഇത്തരം കെട്ടിടങ്ങളിലെ അഗ്നിസുരക്ഷ ഒരു 'ഷോ' മാത്രമാണ് എന്നതാണ്. കെട്ടിടനിര്‍മാണസമയത്ത് പേരിന് മാത്രം ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ഉടമകളുണ്ട്. വെള്ളമില്ലാതെ തുരുമ്ബെടുക്കുന്ന പൈപ്പുകളും വാള്‍വുകളും പലയിടത്തും കാണാം. എന്നിട്ടും ഇവ പ്രവര്‍ത്തിക്കുന്നതെങ്ങനെ? അപകടം വരട്ടെ, അപ്പോഴല്ലേ എന്ന കാഴ്ചപ്പാടാണവര്‍ക്ക്. ആരാണ് ഉത്തരവാദികള്‍. കെട്ടിട ഉടമകളോ അധികൃതരോ? ഒരു അന്വേഷണം...
മാളുകള്‍, സിനിമാശാലകള്‍
ദിവസവും ആയിരക്കണക്കിന് ആളുകളെത്തുന്ന കണ്ണൂരിലെ മൂന്ന് മാളുകള്‍ എതിര്‍പ്പില്ലാരേഖ പുതുക്കിയിട്ടില്ല. കണ്ണൂര്‍ അഗ്നിരക്ഷാനിലയത്തില്‍നിന്ന് കിട്ടിയ വിവരാവകാശ രേഖപ്രകാരം ഇവിടെ അഗ്നിരക്ഷാ ഉപകരണം പ്രവര്‍ത്തിക്കുന്നില്ല. തീ വന്നാല്‍ തീര്‍ന്നുവെന്നര്‍ഥം. കണ്ണൂര്‍ നഗരപരിധിയിലെ 20 ഫ്ളാറ്റുകളില്‍ ആളുകള്‍ ജീവിക്കുന്നത് അഗ്നിസുരക്ഷയില്ലാതെയാണെന്ന് ഓര്‍ക്കണം. സിനിമ കാണാന്‍ കയറുന്ന അഞ്ച് തിയേറ്ററുകളില്‍ അഗ്നിസുരക്ഷയില്ലെന്ന് രേഖകള്‍ പറയുന്നു. 13 കെട്ടിടങ്ങള്‍ക്കാണ് തീപിടിത്ത സുരക്ഷാ ഉപകരണങ്ങളും സംവിധാനവും ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്. ഭംഗിയായി പെയിന്റടിച്ചുവെച്ച അഗ്നിശമന ഉപാധികളില്‍ വെള്ളംനിറയ്ക്കാന്‍പോലും ചില സ്ഥാപനങ്ങള്‍ മുതിരുന്നില്ല.
കൂത്തുപറമ്ബ് അഗ്നിരക്ഷാനിലയം 82 കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. എന്‍.ഒ.സി. പുതുക്കാത്ത 10 കെട്ടിടങ്ങളുണ്ട്. ഒരു സിനിമാശാലയ്ക്കും നോട്ടീസ് നല്‍കി. പാനൂരില്‍ 34 സ്ഥാപനങ്ങള്‍ക്കും തളിപ്പറമ്ബില്‍ 123 കെട്ടിടങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. 44 കെട്ടിടങ്ങള്‍ എന്‍.ഒ.സി. പുതുക്കിയില്ല. തലശ്ശേരിയില്‍ 103 കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. എന്‍.ഒ.സി. പുതുക്കാതിരിക്കുന്നത് 26 സ്ഥാപനങ്ങളാണ്. തലശ്ശേരിയില്‍ ഒരു മാളും രണ്ട് സിനിമാ തിയേറ്ററുകളും ഇതില്‍പ്പെടും. പയ്യന്നൂരില്‍ 225 കെട്ടിങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. 45 സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കിയിട്ടില്ല. ഒരു മാളിനും ഏഴ് സിനിമാ തിയേറ്ററുകളും എന്‍.ഒ.സി. പുതുക്കിയിട്ടില്ല.
കെട്ടിടനമ്ബര്‍ ലഭിക്കാനാണ് ഫയര്‍ എന്‍.ഒ.സി. വേണ്ടത്. അനുമതി ലഭിച്ചുകഴിഞ്ഞ് കെട്ടിടനമ്ബറും കിട്ടിയാല്‍ പിന്നീട് നടക്കുന്നതെല്ലാം കെട്ടിടയുടമയുടെ ഇഷ്ടപ്രകാരമാണ്. തീ പടര്‍ന്നാല്‍ പിന്നെ രക്ഷയില്ല. അഗ്നിബാധ തുടക്കത്തില്‍ത്തന്നെ കണ്ടെത്തി നിയന്ത്രിക്കാനും ശമിപ്പിക്കാനുമുള്ള ഉപകരണങ്ങള്‍ (ഫിക്‌സഡ് ഫയര്‍ ഫൈറ്റിങ് ഇന്‍സ്റ്റലേഷന്‍സ്) പലയിടത്തും ഇല്ലെന്ന് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
തീ നടുക്കം
2019 നവംബറില്‍ കണ്ണൂരിലെ വസ്ത്രാലയത്തിലും കൊട്ടിയൂര്‍ നീണ്ടുനോക്കി ടൗണിലെ നാല് കടകളിലും വന്‍ തീപ്പിടിത്തമുണ്ടായി. 2018 സെപ്റ്റംബറില്‍ ചക്കരക്കല്ലിലെ പ്ലാസ്റ്റിക് സാധനങ്ങള്‍ വില്ക്കുന്ന കടയിലെ തീ വാനോളം ഉയര്‍ന്നിരുന്നു.
2019 മെയില്‍ വളപട്ടണത്തെ ആക്രിക്കടയിലും 2017-ല്‍ തളിപ്പറമ്ബ് സഹകരണ ആസ്പത്രിയിലും വന്‍ തീപ്പിടിത്തമുണ്ടായി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം 2016-ലുണ്ടായ തീപിടിത്തത്തില്‍ ആറ് കടകളിലാണ് തീ പടര്‍ന്നത്. നാളെ: ഇവിടെ 'തീ പിടിക്കില്ലത്രെ'.
0 Comments