ദേശീയരാഷ്ട്രീയത്തില്‍ എ.എ.പി. നിര്‍ണായകമാകുമോ?

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാംവട്ടവും അധികാരത്തിലെത്തിയതോടെ അരവിന്ദ് കെജ്‌രിവാളും എ.എ.പി.യും ദേശീയരാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുമോ എന്ന ചോദ്യം ശക്തമാകുകയാണ്. 2015-ലെ നിയമസഭാതിരഞ്ഞെടുപ്പിനുശേഷം ഡല്‍ഹിയില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച എ.എ.പി.ക്ക് ദേശീയതലത്തില്‍ പ്രതിപക്ഷനിരയില്‍ നിര്‍ണായകസ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ കണക്കുകൂട്ടല്‍.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിയെയും ബി.ജെ.പി.യെയും നേരിടാന്‍ കെജ്‌രിവാളും എ.എ.പി.യും എന്ന മുദ്രാവാക്യം ദേശീയരാഷ്ട്രീയത്തില്‍ ഉയര്‍ന്നിരുന്നു. ഡല്‍ഹിക്കുപുറമേ വിവിധ സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടാക്കാനുള്ള ശ്രമവും എ.എ.പി. ഇക്കാലത്തു നടത്തി. ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ മോദിയെ നേരിടാന്‍ കെജ്‌രിവാള്‍ എത്തുന്നിടത്തോളം അതു വളര്‍ന്നു. പക്ഷേ, ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മാത്രമല്ല, ഡല്‍ഹിയിലും എ.എ.പി. തോറ്റു. പഞ്ചാബില്‍ നാലുസീറ്റില്‍ ജയിച്ച്‌ മുഖംരക്ഷിച്ചു.

2015-നുശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റുന്ന എ.എ.പി.യെയാണു കണ്ടത്. ഡല്‍ഹി സംസ്ഥാനവും ഡല്‍ഹി സര്‍ക്കാരും എന്ന സമവാക്യത്തിലേക്ക് പാര്‍ട്ടി ചുരുങ്ങി. 2015-ലെ തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റുകള്‍ സ്വന്തമാക്കി. മനീഷ് സിസോദിയയെ സംസ്ഥാനഭരണമേല്‍പ്പിച്ചശേഷം കെജ്‌രിവാള്‍ രാജ്യവ്യാപകമായി പാര്‍ട്ടി കെട്ടിപ്പടുക്കാനിറങ്ങുമെന്ന് ഇടക്കാലത്ത് പ്രചാരണമുണ്ടായിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.

2017-ല്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയതൊഴിച്ചാല്‍ ഡല്‍ഹിക്ക് പുറത്തേക്കുള്ള വ്യാപനം നടന്നില്ല. പാര്‍ട്ടിയില്‍ പടലപ്പിണക്കവും കൊഴിഞ്ഞുപോക്കുമുണ്ടായി. പല സംസ്ഥാനങ്ങളിലും പാര്‍ട്ടിഘടകങ്ങള്‍ നിര്‍ജീവമായി. അപ്പോഴും ഡല്‍ഹിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും കഴിഞ്ഞു. എന്നിട്ടും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ.എ.പി. മൂന്നാംസ്ഥാനത്തായി.

എ.എ.പി.യുടെ രാഷ്ട്രീയചരിത്രത്തിലെ ആദ്യ രണ്ടു ഘട്ടങ്ങളിലും ദേശീയതലത്തില്‍ വളരാനുള്ള നീക്കങ്ങളില്‍ പാര്‍ട്ടി വിജയിച്ചില്ല. ബി.ജെ.പി.യുടെ വളര്‍ച്ചയും മോദിയുടെ പ്രഭാവവും പ്രതിപക്ഷപാര്‍ട്ടികളുടെ ക്ഷീണവും പ്രധാന തടസ്സങ്ങളായി. ഇതിനൊപ്പം കെജ്‌രിവാളിനും പാര്‍ട്ടിക്കും പറ്റിയ ചില പാളിച്ചകളും ഈ നീക്കത്തെ പിന്നോട്ടടിച്ചു. ബുദ്ധികേന്ദ്രങ്ങളായിരുന്ന യോഗേന്ദ്രയാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരെ പുറത്താക്കിയത് കടുത്ത ക്ഷീണമുണ്ടാക്കി. കേന്ദ്രസര്‍ക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടല്‍, പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ എന്നിവയുടെ ആക്കംകൂടി. കെജ്‌രിവാളിന്റെ ഏകാധിപത്യസ്വഭാവമാണ് തടസ്സമെന്ന പ്രചാരണവും ശക്തമായി. ഇതോടെ മോദിയെ നേരിടാന്‍ കെജ്‌രിവാളെന്ന മുദ്രാവാക്യം എ.എ.പി. തത്കാലം മരവിപ്പിച്ചു. സഹകരണ ഫെഡറലിസം എന്ന മുദ്രാവാക്യം പുറത്തെടുത്തു.

ഈ പിഴവുകള്‍ തിരുത്തി ദേശീയരാഷ്ട്രീയത്തിലേക്കു വളരാനുള്ള അവസരമാണ് 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എ.എ.പി.ക്കും കെജ്‌രിവാളിനും നല്‍കിയിരിക്കുന്നത്. പൗരത്വനിയമഭേദഗതി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ എ.എ.പി.യുടെ നിലപാടുകള്‍ പ്രതിപക്ഷക്കൂട്ടായ്മയ്ക്ക് അനിവാര്യമാണ്. ബി.ജെ.പി.ക്കെതിരേ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി അണിനിരത്താന്‍ കെജ്‌രിവാള്‍ മുന്നിട്ടിറങ്ങുമോയെന്നതാണ് ചോദ്യം