മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 10 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത് ഉത്തരവായി

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാരണത്താല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 10 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത് ഉത്തരവായി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന വിവിധ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന 50 ല്‍ പരം ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതെയിരിക്കുന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പല കാരണങ്ങളാലും കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം രാജ്യത്തിനാകമാനം മാതൃകയായി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ ഈ ഡോക്ടര്‍മാരുടെ ജോലിയില്‍ നിന്നുള്ള അനധികൃതമായ വിട്ടു നില്‍ക്കല്‍ മെഡിക്കല്‍ കോളേജുകളുടേയും അനുബന്ധ ആശുപത്രികളുടേയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. ഇവര്‍ക്ക് ജോലിയില്‍ ഹാജരാകാനുള്ള അവസരങ്ങളും കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടും ചില ഡോക്ടര്‍മാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ തയ്യാറായില്ല. ചില ഡോക്ടര്‍മാരാകട്ടെ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം വിട്ട് നില്‍ക്കുകയും ചെയ്യുന്നു. ഇത്തരം പ്രവണത മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല.