സതീശൻ പാച്ചേനിയുടെ നേതൃത്വത്തിലുള്ള
സഹനസമര പദയാത്രയുടെ ഗാനങ്ങൾ
"സമരഗീതകങ്ങൾ " പ്രകാശനം ചെയ്തു
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള ദേശഭക്തി പ്രചോദിതമായ സ്വാതന്ത്രസമര സ്മരണകളിരമ്പുന്ന പുതിയ ഗാനങ്ങൾ
"സമരഗീതകങ്ങൾ " പ്രകാശനം ചെയ്തു.
ധീര ദേശാഭിമാനികൾ പ്രാണ ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ആകാശത്തിൽ മതവൈരത്തിന്റെ കാളമേഘങ്ങൾ ഉറഞ്ഞുകൂടുന്നതിന്റെ വിപത്ത് ചൂണ്ടിക്കാട്ടുന്ന 'സഹനസമരപാതയിൽ എന്നു തുടങ്ങുന്ന ആദ്യഗാനത്തിൽ "മതവെറിയുടെ പക പെരുത്ത കുടില ഭരണവർഗ്ഗമേ, ഒരുമയോടെ പുലരുമിന്ത്യ ശിഥിലമാക്കുവാൻ, കരാള വർഗ്ഗമേ വിടില്ല ഞങ്ങളിന്ത്യ കാത്തവർ ' എന്നു തുടങ്ങിയ ആവേശകരമായ വരികളാണുള്ളത്.
ഇടതു മുന്നണിയുടെ ഭരണത്തിലെ അഴിമതിക്കെതിരായി 'ജനതതിയുടെ ചോരയൂറ്റുമിടതു ഭരണ നീതികൾ, അഴിമതിയുടെ കറ പുരണ്ടൊരിടതു ഭരണ കേളീകൾ, തുടരുവാൻ വിടില്ല ഞങ്ങളിന്ത്യ കാത്ത സൈനികർ, കോൺഗ്രസിൻ ഉരുക്കു കൈകൾ വാനിലേക്കുയർത്തുവോർ ' എന്ന് ഉറക്കെ പറയുവാൻ ആഹ്വാനം ചെയ്യുന്നുമുണ്ട്.
നാടൻ പാട്ടിന്റെ രീതിയിൽ ചിട്ടപ്പെടുത്തിയ സമര ഗീതകത്തിലെ മറ്റൊരു ഗാനത്തിൽ 'ഊരുചുറ്റി ഉലകം ചുറ്റി മാനം ചുറ്റി വരുന്ന നരേന്ദ്ര മോഡിയെ കണക്കിനു കളിയാക്കുന്നുണ്ട്.
"നാടിന് തീപിടിക്കണ് തീ പിടിക്കണ് പൊന്നേ,
സഹനസമര പദയാത്രയിൽ അണിചേരുക പൊന്നേ "
എന്ന വരികൾ സമകാലിക ഭാരതത്തിന്റെ ഭീകരതകൾ വരച്ച് കാണിക്കുന്നു.
അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവും കവിയുമായ ചന്ദ്രശേഖരൻ വൈദ്യർ രചിച്ച് സി.രാമചന്ദ്രൻ പാടി പതിനഞ്ചു വർഷം മുൻപ് പുറത്തിറക്കിയ 'ഒരിന്ത്യയാണ്, ഒരമ്മയാണ് എന്ന് തുടങ്ങുന്ന വരികളിൽ ഭാരതാംബയുടെ വിരിമാറ് പിളർക്കുന്ന ക്രൂര ഭരണകൂട നടപടികളെ ശക്തമായി വിമർശിക്കുന്നുണ്ട്.
"പിടഞ്ഞ് വീണ ഗാന്ധിജി പിടഞ്ഞൊരുരിന്ദു ദർശിനി പിടഞ്ഞ് വീണ ചോരയിൽ കുതിർന്ന മണ്ണ് പൂക്കുവാൻ
ഒരിക്കലും മറന്നിടാത്ത മർത്യ വീരഗാഥകൾ ഉറച്ച ധൃഷ്ടി വാനിലേക്കുയർത്തി നമ്മൾ പാടുക " എന്ന വരികളിൽ ധീര രക്തസാക്ഷിത്വത്തിന്റെ ജ്വലിക്കുന്ന സ്മരണകളിരമ്പുന്നുണ്ട്.
ഡി.സി.സി.പ്രസിഡണ്ട് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രക്കായി ഒരുക്കിയ ഗാനങ്ങളായ സമര ഗീതകങ്ങൾ
കേരള ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറിയും സംസ്കാര സാഹിതി സംസ്ഥാന വൈസ് ചെയർമാനുമായ എം.പ്രദീപ് കുമാറിന്റേതാണ് രചന.
ഇക്ബാൽ കണ്ണൂരിന്റെ സംഗീത സംവിധാനത്തിൽ ഗായകരായ ദിനേശ്കണ്ണൻ, പ്രിയ ബൈജു, റംഷി പട്ടുവം, ശ്രീരാഗ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.
സഹനസമര പദയാത്രയുടെ മട്ടന്നൂർ ബ്ലോക്കിലെ പര്യടന പരിപാടിയുടെ ഉദ്ഘാടന വേദിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജാഥാ നായകൻ സതീശൻ പാച്ചേനിക്ക് സി.ഡി കൈമാറി സമര ഗീതകങ്ങൾ പ്രകാശനം ചെയ്തു.
നേതാക്കളായ മാർട്ടിൻ ജോർജ്ജ്.ഗാനരചയിതാവ് എം പ്രദീപ് കുമാർ പയ്യന്നൂർ, ചന്ദ്രൻ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂർ, വി.ആർ ഭാസ്ക്കരൻ, എം.പി.വേലായുധൻ, എൻ പി ശ്രീധരൻ, സി.വി.സന്തോഷ്, ടി.വി.രവീന്ദ്രൻ, ബൈജുകൂടാളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
0 Comments