മട്ടന്നൂര്‍ നഗരത്തില്‍ സീബ്രാ ക്രോസിങ്ങ് ഇല്ലാത്തത് അപകടങ്ങള്‍ക്കിടയാക്കുന്നു
മട്ടന്നൂര്‍ നഗരത്തില്‍ സീബ്രാ ക്രോസിങ്ങ് ഇല്ലാത്തത് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ മഹാദേവ ക്ഷേത്ര കവാടത്തിന് മുന്നിലാണ് അപകടങ്ങള്‍ പെരുകുന്നത്. ഒരു മാസത്തിനുള്ളില്‍ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം യാത്ര ചെയ്യുന്ന റോഡിലാണ് അപകടങ്ങള്‍ പതിവാകുന്നത്. ഇവിടെ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സീബ്രാക്രോസ് വരഞ്ഞിരുന്നെങ്കിലും വാഹനങ്ങള്‍ കയറിയിറങ്ങി ഇവ ഇല്ലാതായി. അതുകൊണ്ടു തന്നെ സ്‌കൂളുകളിലേക്കും ക്ഷേത്രങ്ങളിലേക്കും ആശുപത്രികളിലേക്കും മറ്റും പോകുന്നവര്‍ റോഡ് മുറിച്ചുകടക്കാന്‍ പ്രയാസപ്പെടുകയാണ്. അപകടങ്ങള്‍ പതിവാകുന്ന ഈ റോഡില്‍ സീബ്രാ ക്രോസിങ്ങ് വരഞ്ഞ് അപകടങ്ങള്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം അമിത വേഗതയിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചിരുന്നു. ഇതിനു പുറമെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാഹനമിടിച്ച് പരിക്കേല്‍ക്കുന്നതും നിത്യ സംഭവമാണ്. ഈ മാസം അവസാനം നടക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്ഷേത്രോത്സവം നടക്കുന്നതിനു മുമ്പ് സീബ്രാ ക്രോസിങ്ങ് ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
0 Comments