നടിയെ ആക്രമിച്ച കേസ് ; ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് . സെന്‍ട്രല്‍ ഫോറന്‍സിക് ലാബാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തെളിവായ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച റിപ്പോര്‍ട്ട് വിചാരണക്കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ തട്ടിക്കൊണ്ടു പോയ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ദിവസത്തെ വിസ്താരത്തിനിടെ ആക്രമണത്തിന് ഇരയായ നടി തിരിച്ചറിഞ്ഞിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച വാഹനവും കേസിലെ മുഖ്യസാക്ഷിയായ നടി തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇരയുടെ സ്വകാര്യതയെ മാനിച്ച്‌ അടച്ചിട്ട കോടതി മുറിയിലാണ് സാക്ഷി വിസ്താരം നടത്തുന്നത്. നടന്‍ ദിലീപ്, മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.