സംസ്ഥാനത്തെ ഏറ്റവും വലിയ പരിഹാര വനം പൂര്‍ത്തിയാവുന്നു; കൈമാറ്റം മേയില്‍
മരം മുറിച്ച് മാറ്റുന്നതിന് പരിഹാരമായി വച്ചുപിടിപ്പിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ വനം കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ പൂര്‍ത്തിയാവുന്നു. സൈനിക് സ്‌കൂളിലെ അന്‍പത്തിയൊന്ന് ഏക്കറില്‍ വനംവകുപ്പിന്റെ സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്തില്‍ തയ്യാറാക്കിയ പരിഹാരവനം മെയ്മാസത്തില്‍ സ്‌കൂളിന് കൈമാറുമെന്ന് മുഖ്യവനം മേധാവി പി കെ കേശവന്‍ അറിയിച്ചു. കഴക്കൂട്ടം മുക്കോല ദേശീയപാത ബൈപാസിനായി സ്ഥലം ഏറ്റെടുത്ത സമയത്ത് മുറിച്ച് മാറ്റിയ 4500 വൃക്ഷങ്ങള്‍ക്ക് പരിഹാരമായി സൈനിക് സ്‌കൂള്‍ വിട്ടു നല്‍കിയ 51 ഏക്കറിലാണ് 2016ല്‍ പരിഹാര വനം വച്ചു പിടിപ്പിച്ചത്. അപൂര്‍വ്വയിനം മരങ്ങളും സസ്യങ്ങളും ഉള്‍പ്പെടെ ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, തടി ആവശ്യത്തിനുപയോഗിക്കാവുന്ന മരങ്ങള്‍ തുടങ്ങി 38 വ്യത്യസ്ത ഇനം മരങ്ങളും സസ്യലതാദികളുമാണ് ഇവിടെ നട്ടു വളര്‍ത്തിയത്. ലക്ഷ്മിതരു, കമ്പകം, മാവ് , ആര്യവേപ്പ് , ബദാം. കുടമ്പുളി, ഈട്ടി, രക്തചന്ദനം, മന്ദാരം, ഞാവല്‍, അശോകം, ഉങ്ങ്, കണിക്കൊന്ന, നെല്ലി, കുമ്പിള്‍, മഹാഗണി, പുളി, അകില്‍ തുടങ്ങിയ വൃക്ഷങ്ങള്‍ ഈ പരിഹാര വനത്തിന്റെ ഭാഗമാണ്. മൂന്ന് ഭാഗങ്ങളായി തിരിച്ച് വലിയ കുഴികളുണ്ടാക്കി ഭൂമിയുടെയും മണ്ണിന്റെയും കാലവാസ്ഥയുടെയും പ്രത്യേകതകള്‍ക്കിണങ്ങുന്ന മരങ്ങളുടെ തൈകളും വിത്തുകളും ഇവിടെ നട്ടത്. ദേശീയപാതാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച് പരിപാലിക്കുന്ന വനം അടിക്കാടുകളായി വളര്‍ന്ന അക്കേഷ്യാ സാന്നിധ്യം കൂടി നിശ്ശേഷം ഇല്ലാതാക്കി മെയ്മാസത്തില്‍ സ്‌കൂളിന് കൈമാറും. പിന്നീടുള്ള പരിപാലനം സ്‌കൂളിന്റേതായിരിക്കുമെന്നും ഇതിനോടകം തന്നെ ഇവിടം കാടിന്റെ സ്വാഭാവിക അവസ്ഥയിലായി കഴിഞ്ഞതായും സ്ഥലം സന്ദര്‍ശിക്കവേ അദ്ദേഹം വ്യക്തമാക്കി.
വനഭൂമി വിട്ടു നല്‍കിയതിനുള്ള പരിഹാര വനങ്ങള്‍ സ്ംസ്ഥാനത്തിന്റെ പലഭാഗത്തും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മരം മുറിച്ചു മാറ്റിയതിന് പരിഹാരമായി ഇത്ര വലിയ തോതില്‍ വനം നട്ടുപിടിപ്പിച്ചത് കഴക്കൂട്ടത്താണ്. വിഴിഞ്ഞ തുറമുഖ പദ്ധതിയുടെ ഭാഗമായി മുറിച്ചു മാറ്റപ്പെട്ട 15540 മരങ്ങള്‍ക്ക് പരിഹാരമായി ഇതേ ക്യാമ്പസില്‍ 35 ഹെക്ടറില്‍ മറ്റൊരു പരിഹാര വനം കൂടി തയ്യാറായി വരികയാണ്. ഇതില്‍ 12 ഹെക്ടര്‍ സ്ഥലത്ത് 2018ല്‍ വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 1250 മരങ്ങള്‍ നട്ടു പിടിപ്പിച്ചു കഴിഞ്ഞു. നിലവില്‍ മൂന്ന് വര്‍ഷത്തെ പരിപാലനമാണ് വനം വകുപ്പ് ഇതുവരെ നടത്തി വന്നിരുന്നത്. ഇത് അഞ്ചുവര്‍ഷമായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയി്ച്ചു.
സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ വനം കണ്‍സര്‍വേറ്റര്‍മാരുടെ നേതൃത്വത്തിലാണ് പരിഹാര വനവല്‍ക്കരണം നടപ്പിലാക്കുക. മറ്റു വകുപ്പുകളുമായി സംയോജിച്ച് പരിഹാരവനവല്‍ക്കരണം കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കും. ഒരു മരം മുറിച്ചാല്‍ പകരം 10 മരം നടണമെന്നാണ് വ്യവസ്ഥ. ഏത് വകുപ്പാണോ മരം മുറിക്കുന്നത് അവരുടെ ഫണ്ട് ഉപയോഗിച്ചാണ് വനം നിര്‍മ്മിക്കുക.നിലവില്‍ സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമാണ് ഇത്തരത്തില്‍ പരിഹാര വനം വച്ചുപിടിപ്പിച്ചു നല്‍കുക. സ്ഥലം കൈവശമുള്ള മറ്റു വകുപ്പുകള്‍ക്ക് ഇതിനായി വനം വകുപ്പിനെ സമീപിക്കാം.സംസ്ഥാനത്ത് എവിടെ മരം മുറിച്ചാലും അതിനുള്ള പരിഹാര വനവല്‍ക്കരണം സ്ഥലം ലഭ്യമായ മറ്റൊരിടത്ത് പ്രാവര്‍ത്തികമാക്കാമെന്നും മുഖ്യ വനം മേധാവി അറിയിച്ചു.
പലപ്പോഴും പരിഹാരവനവല്‍ക്കരണം കടലാസില്‍ മാത്രമായി ഒതുങ്ങി പോകുകയാണ് പതിവ്. സ്ഥലലഭ്യതയുടെ പരിമിതിയാണ് പ്രധാന കാരണം. മരം മുറിക്കുന്നതിന് പകരമായി പത്തിരട്ടി മരം നട്ടുപിടിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കര്‍ശനമായി പരിശോധിക്കുന്നതിനുള്ള നടപടികള്‍ വനം വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
0 Comments