വെള്ളാരംപാറയില്‍ സ്ഥലത്തിന് പച്ചക്കൊടി കാത്ത് തളിപ്പറമ്പ് അഗ്നിരക്ഷാസേന
തളിപ്പറമ്പ്: വെള്ളാരംപാറയില്‍ കെട്ടിടം പണിയാന്‍ സ്ഥലം കിട്ടുമെന്ന പ്രതീക്ഷയിലാണ് തളിപ്പറമ്ബ് അഗ്നിരക്ഷാസേന. കരിമ്ബത്തുള്ള വാടകക്കെട്ടിടത്തില്‍നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറാന്‍ ഏറെക്കാലമായി സേന പരിശ്രമിക്കുന്നു. നേരത്തേ കെട്ടിടംപണിയാന്‍ കണ്ടെത്തിയ സ്ഥലങ്ങള്‍ പലകാരണങ്ങളാല്‍ വിട്ടുകിട്ടിയില്ല. മിച്ചഭൂമിയാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഇത് അനുവദിച്ചു നല്‍കുന്നതിന് തടസ്സമില്ലെന്നാണ് അധികൃതര്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ലഭിച്ച വിവരം.
നിലവിലെ ഓഫീസ് മുറിയടക്കം മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്. 19 വര്‍ഷത്തിലേറെയായി ഈ കെട്ടിടത്തിലാണ് സേനയുടെ പ്രവര്‍ത്തനം. വാഹനങ്ങളും മറ്റുപകരണങ്ങളും ലഭിച്ചെങ്കിലും കെട്ടിടത്തിലെ സൗകര്യക്കുറവ് പ്രയാസമായി. ഏഴാംമൈല്‍ പ്ലാത്തോട്ടെ പഴശ്ശി പദ്ധതിയുടെ സ്ഥലമാണ് കെട്ടിടം പണിയാന്‍ ആദ്യം കണ്ടെത്തിയത്. ഇത് വിട്ടുകിട്ടിയില്ല. തുടര്‍ന്ന് തളിപ്പറമ്ബില്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന് സമീപത്ത് സ്ഥലംനോക്കി. ഇവിടെയും അനുമതി ലഭിച്ചില്ല. ഒടുവിലാണ് അന്വേഷണം വെള്ളാരംപാറയിലെത്തിയത്.
മിച്ചഭൂമി പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ലാന്‍ഡ് ബോര്‍ഡില്‍നിന്നുള്ള അനുമതി വേണം. ആദ്യപടിയായി ആവശ്യമായ ഭൂമിയുടെ കണക്കും കെട്ടിടത്തിന്റെ പ്ലാനും തയ്യാറാക്കി അപേക്ഷ നല്‍കണം. ഇത് അടുത്തദിവസംതന്നെ നല്‍കും. സാങ്കേതികമായ മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഇവിടെ സ്ഥലം അനുവദിച്ചുകിട്ടും. ഏറ്റവും കൂടുതല്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട ഉത്തരവാദിത്വമാണ് തളിപ്പറമ്ബ് അഗ്നിരക്ഷാസേനയ്ക്കുള്ളത്. തളിപ്പറമ്ബ്, ശ്രീകണ്ഠപുരം, ആന്തൂര്‍ നഗരസഭകളും പതിനാലോളം പഞ്ചായത്തുകളും സേനയ്ക്ക് കീഴിലാണ്. തളിപ്പറമ്ബ് സ്റ്റേഷന്‍ പരിധിയുടെ ദൂരംകുറച്ച് മറ്റൊരു ഫയര്‍സ്റ്റേഷന്‍ തുടങ്ങണമെന്ന ആവശ്യം ഇപ്പോഴും കടലാസിലാണ്.
0 Comments