അമ്മയെയും മകനെയും വീട്ടില്‍ക്കയറി തോക്കുചൂണ്ടി മര്‍ദിച്ചവശരാക്കി

മയ്യില്‍: വീട്ടിനകത്ത് അതിക്രമിച്ചുകയറി വയോധികയെയും മകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മര്‍ദിച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി. പാവന്നൂര്‍ അങ്കണവാടിക്കുസമീപം മൂലക്കല്‍വീട്ടിലെ വെള്ളുവ പുത്തന്‍വീട്ടില്‍ സാവിത്രിയമ്മ(72)യും മകന്‍ രാധാകൃഷ്ണ(52) നുമാണ് പരിക്കേറ്റ് ചികിത്സയിലായത്. സംഭവത്തില്‍ പാവന്നൂരിലെ ലതീഷ് (31), എട്ടേയാറിലെ ബസ് ഡ്രൈവറായ കെ.വി.പ്രനീഷ് (32) എന്നിവര്‍ക്കെതിരേ മയ്യില്‍ പോലീസ് കേസെടുത്തു.

സംഭവത്തെക്കുറിച്ച്‌ സാവിത്രിയമ്മ പറയുന്നതിങ്ങനെ: ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് സാവിത്രിയമ്മയുടെ മകളുടെ മകനായ വൈഷ്ണവിനെ അന്വേഷിച്ച്‌ ഒരാള്‍ വരികയും പെട്ടെന്നുതന്നെ പുറത്തേക്കു പോവുകയുംചെയ്തു. തുടര്‍ന്ന് രണ്ടുപേര്‍ വീട്ടിലേക്ക് ബൈക്കില്‍ വന്നു. അസഭ്യം പറഞ്ഞ് സാവിത്രിയമ്മയെ തള്ളിയിട്ടു. മകന്‍ രാധാകൃഷ്ണന്‍ ഇവരോട് വീട്ടില്‍നിന്ന് പുറത്തിറങ്ങാനാവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തുകയും കൈയിലെ സ്റ്റീല്‍വളയൂരി മുഖത്തും തലയിലും മര്‍ദിക്കുകയുംചെയ്തു. പരിക്കേറ്റ രാധാകൃഷ്ണനെ കണ്ണൂര്‍ ഗവ. ആസ്പത്രിയിലും സാവിത്രി അമ്മയെ മയ്യില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു.