പ്രതികളുമായി പുറപ്പെട്ട കേരള പോലീസിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു
മുംബൈ: ശാന്തന്‍പാറ കൊലപാതകക്കേസിലെ പ്രതികളുമായി കേരളത്തിലേക്ക് പുറപ്പെട്ട കേരള പോലീസ് സംഘത്തെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതിയില്ലെന്ന കാരണത്താലാണ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പോലീസ് സംഘത്തെ തടഞ്ഞത്.
കേസിലെ മുഖ്യപ്രതികളായ വസീം, ലിജി എന്നിവരെ കൈയാമംവെച്ചാണ് ശാന്തന്‍പാറ സി.ഐ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിമാനത്താവളത്തിലെത്തിച്ചത്. ഇവര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കിയെങ്കിലും പ്രതികളുമായി വിമാനത്തില്‍ സഞ്ചരിക്കണമെങ്കില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതിവേണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെയാണ് യാത്ര മുടങ്ങിയത്.
ലിജിയുടെ ഭര്‍ത്താവായ റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതിനുശേഷമാണ് ലിജി ഇളയ കുട്ടിയുമായി വസീമിനോടൊപ്പം മുംബൈയിലേക്ക് കടന്നത്. ഒരാഴ്ചയ്ക്കുശേഷം വസീമിനെയും ലിജിയെയും കുട്ടിയോടൊപ്പം പന്‍വേലിലെ സമീര്‍ ഹോട്ടലില്‍ വിഷംകഴിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു. ലിജിയുടെയും വസീമിന്റെയും നില ഗുരുതരമായിരുന്നെങ്കിലും ആഴ്ചകള്‍നീണ്ട ചികിത്സയ്ക്കുശേഷം ഇരുവരും രക്ഷപ്പെട്ടു. കൊല്ലപ്പെട്ട റിജോഷിന്റെ ബന്ധുക്കള്‍ എത്തി കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. കുട്ടിയെ വിഷംകൊടുത്തുകൊന്ന കേസില്‍ വസീമിനും റിജിക്കുമെതിരേ കേസെടുത്ത മുംബൈ പോലീസ് അടുത്തിടെ ഇരുവര്‍ക്കും കുറ്റപത്രം നല്‍കിയിരുന്നു. ഇതിനിടയിലാണ് റിജോഷിന്റെ കൊലപാതകം അന്വേഷിക്കുന്ന കേരള പോലീസ് സംഘം ഇവരെ നാട്ടിലേക്ക് കൊണ്ടുപോകാനായി മുംബൈയിലെത്തിയത്.
0 Comments