പോരാട്ട സന്ദേശം സർഗാവിഷ്കാരമാക്കി
കണ്ണൂർ ശാഹിൻ ബാഗ്
കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഐക്യദാർഡ്യ സമരവേദിയായ കണ്ണൂർ ശാഹിൻ ബാഗിൽ ഞായറാഴ്ച പോരാട്ട സന്ദേശത്തിന്റെ സർഗാവിഷ്കാരം നിറഞ്ഞു കവിഞ്ഞ സമരപ്പന്തലിനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. കണ്ണൂർ ശാഹിൻ ബാഗിന്റെ ഒമ്പതാം ദിനത്തിൽ ഒഴുകിയെത്തിയ ജനാവലിയെ വിവിധ സമരാവീഷ്കാരങ്ങളാണ് കോരിത്തരിപ്പിച്ചത്.
"പൊരുതണം മുന്നേറണം ഫാഷിസം തകർക്കണം
ജയിക്കണം ജയിച്ച് നാം
ഇന്ത്യയെ സംരക്ഷിക്കേണം" എന്ന് തുടങ്ങിയ ഗാനാവിഷ്കാരം നടത്തി ചക്കരക്കൽ ടീൻ ഇന്ത്യയുടെ കുട്ടികൾ സമരപ്പന്തലിനെ ഇളക്കി മറിച്ചു.
മലപ്പുറം തനിമ കലാ സാഹിത്യ വേദിയുടെ " ബൗ ബൗ ബൗരത്വം പ്രതിഷേധ നാടകം പൗരത്വ ഭേദഗതി നിയമത്തിന്റെ അസമത്വം ഹാസ്യാത്മകമായി സമർഥിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഒമ്പതാം ദിന സമരം ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ വർഗ്ഗീയമായി വിഴുങ്ങാൻ കാത്തിരിക്കുന്ന ഫാഷിസത്തിനെതിരായ നിർണ്ണായക സമരമാണിതെന്നും മാറി നിൽക്കുന്നവർ പിന്നീട് കാലത്തോട് മാപ്പ് പറയേണ്ടി വരുമെന്നും മൗലവി ഓർമിപ്പിച്ചു. ഡൽഹി യൂനിവേഴ്സിറ്റി സമര നായികയായ കണ്ണൂർക്കാരി റാണിയ സുലൈഖക്ക് സമരപ്പന്തൽ അഭിവാദ്യമർപ്പിച്ചു. ടി.പി. ഇല്യാസ് അധ്യക്ഷത വഹിച്ചു. റാണിയ സുലൈഖ, ജമാഅത്തെ ഇസ് ലാമി കേരള കൂടിയാലോചന സമിതി അംഗം ആർ.യൂസഫ്, ഏരിയ പ്രസിഡന്റ് അബ്ദുസ്സലാം മാസ്റ്റർ, ഫ്രറ്റേർണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി ആരിഫ മെഹബൂബ് തുടങ്ങിയവർ സംസാരിച്ചു.
0 Comments