ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഹിന്ദുക്കള്‍ക്കായി പ്രവര്‍ത്തിക്കണം: ഭയ്യാജി ജോഷി

പനജി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാജ്യത്തെ ഹൈന്ദവസമൂഹത്തിനുവേണ്ടിയും അവരുടെ ശാക്തീകരണത്തിനുവേണ്ടിയും പ്രവര്‍ത്തിക്കണമെന്ന് ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു. 'വിശ്വഗുരു ഭാരത്, ഒരു ആര്‍.എസ്.എസ്. കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ ഗോവയിലെ പനജിയിലുള്ള ഡോണ പൗളയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുസമുദായമെന്നത് ബി.ജെ.പി.യുടെ പര്യായപദമല്ലെന്നും ബി.ജെ.പി.യെ എതിര്‍ക്കുന്നത് ഹിന്ദുസമുദായത്തെ എതിര്‍ക്കലായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്പോര് തുടരുകതന്നെ ചെയ്യും, എന്നാലത് ഹിന്ദുക്കളുമായി ബന്ധപ്പെട്ടാവില്ല -ജോഷി പറഞ്ഞു.

'പുരാതനകാലംതൊട്ട് ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കും പതനത്തിനും സാക്ഷികളായവരാണ് ഹിന്ദുക്കള്‍. ഇന്ത്യയെ ഹൈന്ദവസമൂഹത്തില്‍നിന്ന് വേര്‍പെടുത്താനാവില്ല. ഹിന്ദുക്കളായിരുന്നു എപ്പോഴും ഈ രാജ്യത്തിന്റെ കേന്ദ്രം.

ഹിന്ദുക്കള്‍ സമുദായവാദികളോ പ്രതിയോഗികളോ അല്ലാത്തിടത്തോളം ഹിന്ദുക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ആരും വൈമനസ്യം കാട്ടേണ്ടതില്ല. 2020-ല്‍ ഇന്ത്യ വന്‍ശക്തിയാകുമെന്നാണു ലോകം പറയുന്നത്. പക്ഷേ, ഒരു ബുദ്ധിജീവിയുമായി ഞാന്‍ നടത്തിയ സംഭാഷണമാണ് ഞാനോര്‍ക്കുന്നത്. 2020-ല്‍ ഇന്ത്യയൊരു വിശിഷ്ടമായ രാജ്യമാവുമെന്നാണ് അദ്ദേഹം പറഞ്ഞത്.'-ജോഷി പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.