കാട്ടുപന്നികളെ തുരത്താന്‍ സാരിവേലിയുമായി കര്‍ഷകര്‍
കണ്ണൂര്‍: പഴയസാരി എന്തിനുപയോഗിക്കാം? ചോദ്യം കര്‍ഷകനോടാണെങ്കില്‍ കാട്ടുപന്നിയെ തുരത്താന്‍ എന്നാകും ഉത്തരം. പഴയസാരികള്‍കൊണ്ട് വേലികെട്ടിത്തിരിച്ചിരിക്കുന്ന കൃഷിയിടങ്ങള്‍ പരക്കെയുള്ള കാഴ്ചയാണിന്ന്.
കൃഷിയിടത്തിലെത്തുന്ന വന്യമൃഗങ്ങളെത്തടയാന്‍ കര്‍ഷകര്‍ തന്നെ വികസിപ്പിച്ചെടുത്തതാണ് 'സാരി ഗാര്‍ഡ്' ടെക്‌നോളജി. സംഭവം സിംപിളാണ്. വാഴ, കപ്പ തുടങ്ങിയ വിളകളുള്ള തോട്ടത്തിനു ചുറ്റും പഴയസാരികള്‍കൊണ്ട് നീളത്തില്‍ വേലികെട്ടിത്തിരിക്കും. ഇപ്പോള്‍ പാടവരമ്ബുകളിലും മൃഗങ്ങളെയകറ്റാന്‍ സാരിവേലികളുണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാരിയുടെ നിറമോ നീളമോ ഒന്നും പ്രശ്‌നമല്ല.
കാട്ടുപന്നിയുടെ മനഃശാസ്ത്രം മനസ്സിലാക്കിയാണ് കര്‍ഷകര്‍ ഈ വിദ്യ പ്രയോഗിക്കുന്നത്. കാട്ടുപന്നികള്‍ മുഖം താഴ്ത്തിപ്പിടിച്ച് നിലം കുത്തിമറിച്ച് വേഗത്തിലോടുകയാണ് ചെയ്യുന്നത്. ഈ ഓട്ടത്തിനിടയില്‍ എന്തെങ്കിലും തടസ്സമുണ്ടായാല്‍ പേടിച്ച് തിരിച്ചോടും. ഇതു മനസ്സിലാക്കിയ കര്‍ഷകര്‍ കൃഷിയിടത്തിനു ചുറ്റും സാരികള്‍ വലിച്ചുകെട്ടി തടസ്സം തീര്‍ക്കുകയാണ്. ഏറെ ഫലപ്രദമായ മാര്‍ഗമാണിതെന്നാണ് തന്റെ കപ്പത്തോട്ടത്തില്‍ പരീക്ഷിച്ചു വിജയിച്ച പേരാവൂര്‍ മടപ്പുരച്ചാലിലെ കര്‍ഷകന്‍ മാത്യു പ്ലാച്ചേരിക്കുഴി പറയുന്നത്. എന്നാല്‍ സാരിയെയും മറികടന്ന് കാട്ടുപന്നികള്‍ കൃഷിനശിപ്പിക്കുന്ന അനുഭവങ്ങളുമുണ്ട്. ജില്ലയില്‍ വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള പേരാവൂര്‍ ബ്ലോക്കില്‍ കഴിഞ്ഞ വര്‍ഷം കാട്ടുപന്നികള്‍ നശിപ്പിച്ചത് 2.5 ലക്ഷം രൂപയുടെ വിളകളാണ്.
കാട്ടുപന്നിയെ മാത്രമേ സാരിവേലികള്‍ക്ക് പ്രതിരോധിക്കാനാകൂ. കുരങ്ങിനെ തുരത്താന്‍ രൂക്ഷ ഗന്ധമുള്ള ജൈവ ലായനികളാണ് ഉപയോഗിക്കുക.
കൃഷിവകുപ്പിന്റെ രീതികള്‍
വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ കൃഷി വകുപ്പ് നിര്‍ദേശിക്കുന്ന രീതികളും കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട്. പന്നിയെ തുരത്താന്‍ 'പോറപ്പ്' എന്ന രാസവസ്തു കിഴി കെട്ടി പകുതി മുറിച്ച പ്ലാസ്റ്റിക് കുപ്പികളില്‍ കെട്ടി കൃഷിയിടത്തില്‍ തൂക്കുകയോ ചണച്ചരടില്‍ കെട്ടിവയ്ക്കുകയോ ചെയ്യാം. ഈ രാസവസ്തുവിന്റെ മണം കാട്ടുപന്നിക്ക് അരോചകമാണ്. പേരാവൂരിലെ ബയോ ഇന്‍പുട്ട് സെന്ററില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 550 കിലോഗ്രാം പോറപ്പാണ് കര്‍ഷകര്‍ വാങ്ങിയത്. ആവണക്കെണ്ണ, കൃഷിയിടത്തിന്റെ അരികുകളിലൂടെ തലമുടി വിതറല്‍ തുടങ്ങിയവയും ഫലപ്രദമാണ്. എന്നാല്‍ കൃഷിവകുപ്പ് നിര്‍ദേശിക്കുന്ന ഇത്തരം രീതികളേക്കാളും സ്വയം വികസിപ്പിച്ചെടുക്കുന്ന തനതുരീതികളാണ് കര്‍ഷകര്‍ക്ക് കൂടുതലിഷ്ടം.
വിളകള്‍ക്ക് ഇന്‍ഷുറന്‍സ്
വിളകള്‍ക്ക് ഇന്‍ഷുറന്‍സ് സംവിധാനമുണ്ടെങ്കിലും ഇതുപയോഗിക്കാത്ത പ്രവണതയുമുണ്ട്. മൂന്നു രൂപയ്ക്ക് വാഴ ഇന്‍ഷുര്‍ ചെയ്താല്‍ കുലച്ചശേഷമാണ് നശിക്കുന്നതെങ്കില്‍ 300 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പ്രകൃതിക്ഷോഭത്തിലാണ് നശിക്കുന്നതെങ്കില്‍ പുറമെ 100 രൂപയും നല്‍കുന്നുണ്ട്. വന്യമൃഗ ശല്യമുള്ള മേഖലകളില്‍ വിളകള്‍ ഇന്‍ഷുര്‍ ചെയ്യുന്നത് ശീലമാക്കണമെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നു.
0 Comments