താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ടിനെ നിയമിച്ചെങ്കിലും  ചുമതലയേറ്റില്ല

തളിപ്പറമ്ബ്: ചികിത്സയ്ക്കായി രോഗികള്‍ തിക്കിതിരക്കിയെത്തുന്ന താലൂക്കാസ്പത്രിയിലെ കട്ടിലുകള്‍ മിക്കതും ഒഴിഞ്ഞുകിടക്കുന്നു. രോഗികളെ കിടത്തിച്ചികിത്സിക്കാറില്ലെന്നതുതന്നെ പ്രധാന കാരണം. സൂപ്രണ്ടില്ലാത്തതിനാല്‍ ആസ്പത്രി പ്രവര്‍ത്തനം തീര്‍ത്തും അവതാളത്തിലായിരിക്കുകയാണ്. ഓഫീസില്‍ ആവശ്യത്തിനുള്ള ജീവനക്കാരുമില്ല. നേരത്തേയുണ്ടായിരുന്ന സര്‍ജന്‍ സ്ഥലംമാറിപോയതിനുശേഷം പുതിയ നിയമനവുമുണ്ടായില്ല. ശസ്ത്രക്രിയ വേണ്ടുന്ന രോഗികള്‍ ഏറെ വിഷമത്തിലാണ്.

ശസ്ത്രക്രിയാ വാര്‍ഡുള്‍പ്പെടെ ഒഴിഞ്ഞുകിടക്കുന്നു. നേരത്തേയുണ്ടായിരുന്ന ആസ്പത്രി സൂപ്രണ്ട് ഡോ. പ്രീത ഉദ്യോഗ കയറ്റം കിട്ടി ജില്ലാ ആസ്പത്രിയിലേക്ക് പോയി. തുടര്‍ന്ന് ഒരുമാസം മുന്‍പാണ് പുതുതായി സൂപ്രണ്ടിനെ നിയമിച്ചത്. നിയമനം കിട്ടിയ സൂപ്രണ്ട് താലൂക്ക് ആസ്പത്രിയിലെത്തിയതേയില്ല. നിയമന ഉത്തരവ് വാങ്ങിയേടത്തുനിന്നുതന്നെ അവധിയും വാങ്ങി.

തുടര്‍ന്നാണ് താലൂക്കാസ്പത്രിയിലെ പിഡിയാട്രീഷ്യന്‍ ഡോ. സുശീലിന് സൂപ്രണ്ടിന്റെ ചുമതല നല്‍കിയത്. ഇതോടെ കുട്ടികളുടെ ചികിത്സ താലൂക്കാസ്പത്രിയില്‍ അവതാളത്തിലായി. ഓഫീസിലും പരിശോധനാമുറിയിലുമായി ഇദ്ദേഹം ഓടിനടക്കുന്നു. പുതുതായി നിയമിച്ച സൂപ്രണ്ട് ആസ്പത്രി സന്ദര്‍ശിക്കാന്‍ പോലും കൂട്ടാക്കാത്തതില്‍ ജീവനക്കാരും നാട്ടുകാരും ഒരുപോലെ പ്രതിഷേധത്തിലാണ്.

താലൂക്കാസ്പത്രി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച രാവിലെ ആസ്പത്രി വികസന സമിതി ചേരുന്നുണ്ട്. ജയിംസ്‌ മാത്യു എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ യുക്തമായ തീരുമാനമുണ്ടാകുമെന്നാണ് ആസ്പത്രി ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത്.