ദുരന്ത പ്രതിരോധത്തിന് സമഗ്രമായ പ്രാദേശിക പദ്ധതികള്‍ രൂപപ്പെടുത്തും

തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ 25-ാം വര്‍ഷത്തില്‍ മറ്റൊരു ജനകീയ യജ്ഞത്തിന് കേരളം സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്ത പ്രതിരോധത്തിന് സമഗ്രമായ പ്രാദേശിക പദ്ധതികള്‍ രൂപപ്പെടുത്തുമെന്നും ഇത്ര വിപുലമായ പ്രാദേശിക ദുരന്തപ്രതിരോധ / പ്രതികരണ പരിപാടി ലോകത്ത് ആദ്യമായിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ പരിശീലനം പൂര്‍ത്തിയായി. വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനു മുമ്ബായി റിപ്പോര്‍ട്ടുകളുടെ കരട് തയ്യാറാകും. 2018ലെയും 2019ലെയും പ്രകൃതി ദുരന്തങ്ങള്‍ നല്‍കിയ പാഠങ്ങളുടെ അടിസ്ഥാനത്തില്‍, സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഓരോ വാര്‍ഡിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും എന്തെല്ലാമെന്ന ഭാഗമാണ് ഈ റിപ്പോര്‍ട്ടിന്റെ ഏറ്റവും കാതലായ വശം. ഇത് എല്ലാ ഗ്രാമസഭകളിലും ചര്‍ച്ച ചെയ്യും. ചര്‍ച്ചകളെ ആസ്പദമാക്കി ചില പ്രോജക്ടുകള്‍ എങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നും ഐസക് പറഞ്ഞു.