തൊഴിലുറപ്പ് പദ്ധതി 'സ്മാര്‍ട്ട്' ആകുന്നു; ജിഐഎസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്
കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന മുഴുവന്‍ പ്രവൃത്തികളും ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്) അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. കാലടി, മലയാറ്റൂര്‍-നീലീശ്വരം, കുട്ടന്പുഴ, കവളങ്ങാട്, വേങ്ങൂര്‍, അശമന്നൂര്‍, വാളകം, മാറാടി എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത മൂന്ന് വര്‍ഷക്കാലത്തേക്ക് പൊതു/ സ്വകാര്യഭൂമികളില്‍ ഏറ്റെടുക്കേണ്ട മുഴുവന്‍ പ്രവൃത്തികളെയും സംബന്ധിച്ച വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ ശേഖരിച്ച് ജിഐഎസ് പ്ലാറ്റ് ഫോമിലേക്ക് അപ്ലോഡ് ചെയ്യും. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചിട്ടുളള എന്യൂമറേറ്റര്‍മാര്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ഫീല്‍ഡ് തലത്തില്‍ വിവര ശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്യൂമറേറ്റര്‍മാര്‍ ഗ്രാമപഞ്ചായത്തിലെ ഓരോ വീടും സന്ദര്‍ശിച്ച് സ്വകാര്യഭൂമിയില്‍ ഏറ്റെടുക്കാവുന്ന തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കിണര്‍, കന്പോസ്റ്റ് പിറ്റ്, മണ്ണ് - ജല സംരക്ഷണ പ്രവൃത്തികള്‍ തുടങ്ങി പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്ന മുഴുവന്‍ പ്രവൃത്തികളുടെയും വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ശേഖരിക്കും. ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂവിനിയോഗ ബോര്‍ഡിന്റെ സഹായത്തോടെയാണ് പ്രവൃത്തികളുടെ പട്ടിക തയാറാക്കുന്നത്.
0 Comments